ഇങ്ങനെയൊരു ടീം ഇന്ത്യയിലാദ്യം, ചരിത്രമെഴുതി മലയാളി ക്ലബ്

ഇന്ത്യയില്‍ ആദ്യമായി ഇ സ്‌പോട്‌സ് ഫുട്‌ബോള്‍ ക്ലബിന് രൂപം നല്‍കി ട്രാവന്‍കൂര്‍ റോയല്‍സ് ഫുട്‌ബോള്‍ ക്ലബ്. ഇ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരളയുമായി സഹകരിച്ചാണ് ട്രാവന്‍കൂര്‍ റോയല്‍സ് ഫുട്‌ബോള്‍ ക്ലബിന് ഇ സ്‌പോട്‌സ് ഫുട്‌ബോള്‍ ക്ലബിന് രൂപം നല്‍കിയിരിക്കുന്നത്.

ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യുണിക്, ഫ്രഞ്ച് ക്ലബായ പിഎസ്ജി, ഇറ്റാലിയന്‍ ക്ലബ്ബായ എഎസ് റോമ, ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി, സ്പാനിഷ് ക്ലബായ വലന്‍സിയ തുടങ്ങിയ ലോകത്തിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് സ്വന്തമായി ഇ സ്‌പോട്‌സ് ഫുട്‌ബോള്‍ ടീമുകളുണ്ട്. ഇതിന് പിന്നാലെയാണ് ട്രാവന്‍കൂര്‍ റോയല്‍സ് ഇ സ്‌പോട്‌സ് ഫുട്‌ബോള്‍ ക്ലബിന് രൂപം നല്‍കിയിരിക്കുന്നത്.

ഭാവിയില്‍ ഇ സ്‌പോര്‍ട്‌സിന് വലിയൊരു സാധ്യതയാണ് ഉള്ളത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ പ്രദര്‍ശന മത്സരമായി ഇ സ്‌പോര്‍ട്‌സ് ഉള്‍പെടുത്തിയിരുന്നു. ഭാവിയില്‍ ഒളിമ്പിക്‌സ് പോലെയുള്ള ലോകത്തിലെ വലിയ കായികമത്സരങ്ങളില്‍ ഒരു മത്സര ഇനമായി മാറാനും ഇ സ്‌പോര്‍ട്‌സിന് കഴിയും.

‘ലോകത്തിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് സ്വന്തമായി ഇ സ്‌പോര്‍ട്‌സ് ടീമുകള്‍ സ്വന്തമായുണ്ട്. അതെ ആശയം എന്തുകൊണ്ട് ഇന്ത്യയിലും കൊണ്ടുവന്നുകൂടാ എന്ന ചിന്തയാണ് ക്ലബിന് കീഴില്‍ ഒരു ഇ സ്‌പോര്‍ട്‌സ് ടീം രൂപീകരിക്കുക എന്ന ആശയത്തില്‍ എത്തിച്ചതെന്ന് ഇ സ്‌പോര്‍ട്‌സ് ടീം രൂപീകരിക്കാന്‍ ഇടയായ കാരണത്തെ കുറിച്ച് ട്രാവന്‍കൂര്‍ റോയല്‍സിന്റെ സിഇഒ ജിബു ഗിബ്‌സണ്‍ ഖേല്‍നൗവിനോട് വെളിപ്പെടുത്തി.

‘കേരളത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ധാരാളം ഇ സ്‌പോര്‍ട്‌സ് കൂട്ടായ്മകള്‍ നിലവിലുണ്ട്. കേരളത്തില്‍ ചിതറികിടക്കുന്ന ഇത്തരം കൂട്ടായ്മകളെ ഒരുമിപ്പിച്ചു കൊണ്ടുപോകുക എന്ന ലക്ഷ്യവും ഇതിന്റെ പിന്നില്‍ ഉണ്ട്. അടുത്ത മുന്നോ നാലോ മാസങ്ങള്‍ കൊണ്ട് കേരളത്തില്‍ ഏറ്റവും അധികം പ്രചാരമുള്ള ഫിഫയുടെയും പ്രൊ എവോല്യൂഷന്‍ സോക്കറിന്റെയും ടീമുകള്‍ ക്ലബ്ബിന്റെ കീഴില്‍ രൂപീകരിക്കുക എന്നാണ് ആദ്യത്തെ ലക്ഷ്യം. അതിനായി കേരളത്തിലുടനീളം ടൂര്‍ണമെന്റുകള്‍ നടത്തി മികച്ച താരങ്ങളെ ടീമില്‍ എത്തിക്കും. അവര്‍ക്ക് ടീമിലൂടെ ഇ സ്‌പോര്‍ട്‌സില്‍ മികച്ച അവസരങ്ങള്‍ രൂപപ്പെടുത്തി നല്‍കുവാനും ശ്രമിക്കും. ‘ ജിബു ഗിബ്‌സണ്‍ തുടര്‍ന്നു.

” ഇസ്‌പോര്‍ട്‌സില്‍ താല്പര്യമുള്ള താരങ്ങളെ കണ്ടെത്തി അവര്‍ക്ക് ഗൈമിങ്ങിനു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിച്ചു കൊടുക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. അവര്‍ക്ക് പ്ലെയിങ് ഏരിയയും പരിശീലന മത്സരങ്ങള്‍ക്കായുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. കളിക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ഒരു മെന്റ്റര്‍. വീഡിയോ ഗെയിമുകള്‍ രൂപപ്പെടുത്തുന്ന സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു മനഃശാസ്ത്രവിദഗ്ധനും ടീമില്‍ ഉണ്ടാകും. അതിലൂടെ കൃത്യമായ ബോധവല്‍ക്കരണം നല്‍കി താരങ്ങളെ ഗെയിമിനോടുള്ള കടുത്ത ആസക്തിയില്‍ നിന്നും മാറ്റിനിര്‍ത്തുക എന്ന ലക്ഷ്യത്തിന് വേണ്ടിയും ക്ലബ് പ്രവര്‍ത്തിക്കും. അവര്‍ക്ക് ഭാവിയിലേക്ക് ഒരു കരിയര്‍ കൂടി രൂപപ്പെടുത്തി എടുക്കുന്ന രീതിയിലായിരിക്കും ടീമിന്റെ പ്രവര്‍ത്തനം. ‘ ജിബു ഗിബ്‌സണ്‍ കൂട്ടിചേര്‍ച്ചു.

You Might Also Like