ഒടുവില്‍ ഫുട്‌ബോളിനോട് കോവിഡ് തോറ്റു, കായിക ലോകത്തിന് ആദ്യ സന്തോഷ വാര്‍ത്ത
കൊറോണ വൈറസ് ഫുട്‌ബോള്‍ ലോകത്താണ് കനത്ത നാശനഷ്ടമുണ്ടാക്കിയത്. സൂപ്പര്‍ താരങ്ങളടക്കം പലരും കോവിഡിന് കീഴടങ്ങി. ചില മുന്‍ താരങ്ങളുടെ മരണ വാര്‍ത്തയ്ക്ക് വരെ ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചു. ഇപ്പോഴിതാ ഫുട്‌ബോള്‍ ലോകത്ത് നിന്നും കോവിഡ് 19 വൈറസ് ആശങ്ക ഒഴിയുന്നതിന്റെ ആശ്വാസ വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ഫുട്‌ബോള്‍ താരങ്ങളില്‍ പലരും രോഗമുക്തി നേടുകയാണ്. ഫുട്‌ബോളില്‍ ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച യുവന്റസ് താരം ഡാനിയല്‍ റുഗാനിയുടെയും പൗളോ ഡിബാലയുടെയും ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവായെന്നാണ് ഏറ്റവും പുതിയ വിവരം. ഫെല്ലെയ്‌നിയും അസുഖം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ മൂന്ന് ആഴ്ചയിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫെല്ലെയ്‌നി ആശുപത്രി അധികൃതര്‍ക്കും പരിചരിച്ചവര്‍ക്കും നന്ദി അറിയിച്ചു.
ഇറ്റാലിയന്‍ താരമായ റുഗാനിയുടെയും അര്‍ജന്റീന സ്‌ട്രൈക്കര്‍ ഡിബാലയുടെയും ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവായെങ്കിലും ഇരുവരും നിരീക്ഷണത്തില്‍ തന്നെ തുടരും. ഇനിയും ഒരു ടെസ്റ്റ് റിസല്‍ട്ട് കൂടി നെഗറ്റീവ് ആവാനുണ്ട്. നേരത്തെ, അസുഖം കുറഞ്ഞു വരുന്നുണ്ടെന്ന് ഡിബാല അറിയിച്ചിരുന്നു.
ഇറ്റാലിയന്‍ ഇതിഹാസ ഫുട്‌ബോളര്‍ പൗളോ മാല്‍ഡീനിയും മകന്‍ ഡാനി മാല്‍ഡീനിയും കൊവിഡ് 19 ഭേദമായി ആശുപത്രി വിട്ടിരുന്നു. ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് ഇരുവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മുന്‍ എസി മിലാന്‍ താരമായ പൗളോയും നിലവിലെ എസി മിലാന്‍ സ്‌ക്വാഡില്‍ ഉള്ള ഡാനിയും ചികിത്സയിലായിരുന്നു.