കളിക്കാനിറക്കിയില്ല, ടണലിൽ യുവന്റസ് ചീഫിനോട് പൊട്ടിത്തെറിച്ച് ഡിബാല

പുതിയ സീസണിൽ ഇതുവരെയും യുവന്റസിനായി കളിക്കാൻ സാധിക്കാത്ത സൂപ്പർതാരമാണ് പൗലോ ഡിബാല. സീരി എയിൽ ഇതുവരെ കളിച്ച നാലു മത്സരങ്ങളിലും താരത്തിനു അവസരം ലഭിച്ചില്ല. അർജന്റീനൻ നാഷണൽ ടീമിൽ നിന്നും തിരിച്ചെത്തിയ ഡിബാലയെ ക്രോട്ടോണിനെതിരായ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയെങ്കിലും പിർലോ അവസരം നൽകിയില്ല. പകരം യുവതാരങ്ങളായ മനോലോ പോർട്ടനോവക്കും കുലുസേവ്സ്കിക്കുമാണ് പിർലോ അവസരം നൽകിയത്.

എന്നാൽ ലീഗിൽ പുതിയതായി സ്ഥാനക്കയറ്റം ലഭിച്ച ക്രോട്ടോണിനെതിരെ യുവന്റസിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഇറ്റാലിയൻ മാധ്യമമായ ടുട്ടോ സ്പോർട്ടിന്റെ റിപ്പോർട്ട്‌ പ്രകാരം തന്നെ ബെഞ്ചിലിരുത്താനുള്ള  പരിശീലകൻ പിർലോയുടെ തീരുമാനം താരത്തെ രോഷാകുലനാക്കിയെന്നും എന്നാൽ താരം അത് തീർത്തത് ടണലിൽ  വെച്ച് യുവന്റസ് ചീഫായ ഫാബിയോ പരറ്റിഷിയോടാണെന്നാണ് അറിയാനാവുന്നത്.

  താരം  കളിക്കാതിരുന്ന നാലു മത്സരങ്ങളിൽ രണ്ടു  വിജയവും രണ്ടു സമനിലകളും മാത്രമാണ് യുവന്റസിന് നേടാനായത്. എന്നാൽ താരത്തെ ഇറക്കാതിരുന്നതിന്റെ കാരണവും പിർലോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിന്റെ തലേ ദിവസം വെറും പത്തു മിനുട്ടാണ് താരം പരിശീലിച്ചതെന്നും മത്സരത്തിന് അതു മതിയാകില്ലെന്നുമായിരുന്നു പിർലോയുടെ വിശദീകരണം.

ക്രോട്ടോണുമായി സമനില രുചിച്ചതോടെ നിലവിലെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് യുവന്റസ്. ഈ ആഴ്ച്ച തന്നെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലെങ്കിലും അവസരം ലഭിക്കാനുള്ള ശക്തമായ പോരാട്ടത്തിലാണ് ഡിബാല. ഡൈനമോ കീവിനെതിരെ യുവന്റസിന്റെ ആദ്യ മത്സരം.

You Might Also Like