ബാഴ്സക്ക് ഇത്തവണ ചാമ്പ്യൻസ്‌ലീഗ് അസാധ്യം, ഡൈനമോ കീവ് പരിശീലകൻ മനസുതുറക്കുന്നു
ഇന്നു നടക്കാനിരിക്കുന്ന ചാമ്പ്യൻസ്‌ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബാഴ്‌സലോണയെ നേരിടാനൊരുങ്ങുകയാണ് ഉക്രെനിയൻ ക്ലബ്ബായ ഡൈനമോ കീവ്. ബയേണുമായുള്ള ചാമ്പ്യൻസ്‌ലീഗ് തോൽവിക്കു ശേഷം ബാഴ്സയിൽ വലിയ മാറ്റങ്ങൾ നടന്നുവെങ്കിലും പഴയ ബാഴ്‌സയിലേക്ക് ഇതു വരെയും തിരിച്ചെത്താനായിട്ടില്ലെന്നത് കൂമാനെ വലക്കുന്നുണ്ട്. ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന ലയണൽ മെസിയും ബാഴ്സയുടെ ആകെമൊത്തം പ്രകടത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.
നിലവിൽ മോശം ഫോമിൽ തുടരുന്ന കൂമാന്റെ ബാഴ്സക്ക് എൽ ക്ലാസിക്കോയിലെ തോൽവിക്കൊപ്പം വെറും 8 മത്സരങ്ങളിൽ നിന്നായി വെറും 8 പോയിന്റ് മാത്രമാണ് ഇതുവരെ നേടാനായത്. അവസാനമായി ഡീപോർട്ടീവോ അലവസുമായും തോൽവി പിണഞ്ഞതോടെ പോയിന്റ് ടേബിളിൽ പന്ത്രണ്ടാമതാണ് ബാഴ്‌സയുടെ സ്ഥാനം. ഓപ്പൺ പ്ലേയിൽ ഇതുവരെയും മെസിക്ക് ഗോൾ നേടാനാവാതിരുന്നതും ബാഴ്സയുടെ നിലവിലെ അവസ്ഥയെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Barca's upcoming opponents have dismissed their chances of challenging for the Champions League this season 🧐 pic.twitter.com/U2qKwnvMFf
— GOAL (@goal) November 4, 2020
യുവന്റസിനെതിരെ തോൽവി പിണഞ്ഞെങ്കിലും ബാഴ്സയ്ക്കെതിരായ മത്സരത്തെ പേടിയില്ലാതെ നേരിടാനാണ് ഡൈനമോ പരിശീലകനായ മിർച്ചെ ലുച്ചേസ്കുവും സംഘത്തിന്റെയും നീക്കം. തിരിച്ചു വരവിന്റെ പാതയിലുള്ള ബാഴ്സയുടെ ആക്രമണം മൂർച്ച കുറഞ്ഞതാണെന്നും നിലവിൽ അവർക്ക് ചാമ്പ്യൻസ്‌ലീഗ് നേടാനുള്ള ടീമില്ലെന്നാണ് ലുച്ചേസ്കുവിന്റെ പക്ഷം. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം മനസു തുറന്നത്.
“ബയേണുമായുള്ള മത്സരശേഷം ബാഴ്സ മാറ്റത്തിന്റെ പാതയിലാണെന്നുള്ളത് വ്യക്തമാണ്. അവർക്ക് നല്ല കഴിവുള്ള താരങ്ങളടങ്ങിയ സ്‌ക്വാഡുണ്ടെങ്കിലും പുതിയ ബാഴ്‌സയിലേക്ക് ഇണങ്ങിചേരാൻ സമയമെടുക്കും. ബാഴ്‌സലോണ ചാമ്പ്യൻസ്‌ലീഗ് നേടുമെന്നെനിക്ക് തോന്നുന്നില്ല. ബയേൺ, പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി എന്നിവർക്ക് കൂടുതൽ സാധ്യതകളുണ്ട്. എന്നിരുന്നാലും അവർക്ക് ലയണൽ മെസിയെന്ന പ്രധാനതാരമുണ്ട്. ആറു മാസം കൊണ്ട് കൂമാനു ബാഴ്‌സയെ മാറ്റിയെടുക്കാനാവുമെന്നാണ് വിശ്വസിക്കുന്നത്. ” ലുച്ചേസ്കു പറഞ്ഞു.