പൊള്ളാര്‍ഡിനെ കാണാനില്ല, കണ്ടെത്തിയാല്‍ വിന്‍ഡീസ് ക്യാമ്പുമായി ഉടന്‍ ബന്ധപ്പെടുക

Image 3
CricketCricket News

ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിലെ പരാജയത്തിന് പിന്നാലെ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിനെ പരിഹസിച്ച് മുന്‍ വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരം ഡ്വെയിന്‍ ബ്രാവോ. പൊള്ളാര്‍ഡിനെ കാണ്‍മാനില്ലെന്ന് പറഞ്ഞാണ് ബ്രാവോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

‘പ്രായം: 34, ഉയരം: 1.85 മീറ്റര്‍ അവസാനം കണ്ടത്: ചാഹലിന്റെ പോക്കറ്റില്‍, കണ്ടെത്തിയാല്‍ ദയവായി വെസ്റ്റിന്‍ഡീസുമായി നിങ്ങള്‍ ബന്ധപെടുക’ എന്നാണ് ബ്രാവോ സോഷ്യല്‍ മീഡിയയില്‍ പരിഹാസരൂപേണ പങ്കുവെച്ചത്. എന്തായാലും പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ഒന്നാം ഏകദിനത്തില്‍ ചാഹലിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് പൊള്ളാര്‍ഡ് പുറത്തായത്. ചാഹലിന്റെ ഡെലിവറില്‍ ഷോട്ടിന് ശ്രമിച്ച പൊള്ളാര്‍ഡ് ക്ലീന്‍ബൗള്‍ഡ് ആവുകയായിരുന്നു.

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ ഇതിനോടകം പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു. എന്നാല്‍ മൂന്നാം മത്സരം എങ്കിലും ജയിച്ച് വൈറ്റ് വാഷ് നാണക്കേട് ഒഴിവാക്കാനാണ് വിന്‍ഡീസിന്റെ ശ്രമം.