ആ വസന്തത്തിന്റെ ഇലപൊഴിഞ്ഞു, വിരമിക്കല്‍ പ്രഖ്യാപിച്ച് വിന്‍ഡീസ് സൂപ്പര്‍ താരം
ടി20 ലോകകപ്പിന് ശേഷം രാജ്യന്തര ക്രിക്കറ്റില്‍ നിന്ന വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയന്‍ ബ്രാവോ. ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിനു ശേഷം സംസാരിക്കുമ്പോഴാണ് 38കാരനായ ഡ്വെയന്‍ ബ്രാവോ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ സങ്കടപ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്.
‘ആ സമയം വന്നു എന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് ഒരു നല്ല കരിയറാണ് ഉണ്ടായത്. 18 വര്‍ഷത്തെ കരിയറില്‍ കുറച്ച് ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ രാജ്യത്തിനു വേണ്ടി പ്രതിനിധീകരിച്ചതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്’ മത്സര ശേഷം ബ്രാവോ പറഞ്ഞു. ആഗോള വേദിയില്‍ ഞങ്ങളുടെ പേരുകള്‍ കാണിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ബ്രാവോ പറഞ്ഞു.
ലോകകപ്പില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് വിന്‍ഡീസ് പുറത്തായിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ടീമിന് നേടാനായത്.
നേരത്തെ 2018 ല്‍ വിരമിച്ച താരം 2019 ല്‍ അത് തിരുത്തി രാജ്യാന്തര ജേഴ്‌സിയില്‍ എത്തിയിരുന്നു. വിന്‍ഡീസ് രണ്ട് ടി20 ലോകകപ്പ് നേടിയപ്പോഴും ബ്രാവോ നിര്‍ണ്ണായക പങ്കുമായി ടീമുലുണ്ടായിരുന്നു. 2012 ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് കരീബിയന്‍ ടീം കിരീടം നേടിയപ്പോള്‍ വിന്നിംഗ് ക്യാച്ച് നേടിയത് ബ്രാവോയായിരുന്നു. 2016 ലായിരുന്നു മറ്റൊരു കിരീട നേട്ടം.
സ്ലോ ബോള്‍ വേരിയേഷനുകള്‍ കൊണ്ട് മികച്ച ഡെത്ത് ബോളറും, അവസാന നിമിഷം കൂറ്റന്‍ ഷോട്ടുകള്‍ കളിക്കുന്ന ഓള്‍റൗണ്ടറാണ് ബ്രാവോ. വെസ്റ്റിന്‍ഡീസിനായി 40 ടെസ്റ്റും 164 ഏകദിനവും 90 ടി20 മത്സരവും കളിച്ചിട്ടുളള താരമാണ് ബ്രാവോ. ടി20യില്‍ 1245 റണ്‍സും 78 വിക്കറ്റും സ്വന്തം പേരിലുണ്ട്.