വെടിക്കെട്ടിന് ശ്രമിച്ചപ്പോള്‍ ധോണി വിലക്കി, ധോണി പ്രിട്ടോറിയസിനോട് പറഞ്ഞത്

ഐപിഎല്ലില്‍ അവസാന ഓവര്‍ ത്രില്ലറിലൂടെ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ബദ്ധവൈരികളായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ക്കാനായതിന്റെ ആഹ്ലാദത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ധോണിയെന്ന ഫിനിഷര്‍ തന്റെ കാലം കഴിഞ്ഞെന്ന് വിധിയെഴുതിയവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി പറഞ്ഞ മത്സരത്തില്‍ അവസാന പന്തില്‍ ബൗണ്ടറി നേടി മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ചെന്നൈയിന്‍ സ്വന്തമാക്കിയത്.

ആറാം വിക്കറ്റില്‍ ഒത്തുകൂടിയ മഹേന്ദ്ര സിംഗ് ധോണി – ഡ്വെയന്‍ പ്രിട്ടോറിയസ് സഖ്യമാണ് ചെന്നൈയ്ക്ക് ആവേശജയം സമ്മാനിച്ചത്. മഹേന്ദ്ര സിങ്ങ് ധോണിയുടെ ഫിനിഷിങ്ങ് കണ്ട മത്സരത്തില്‍ അവസാന ഓവറില്‍ 17 റണ്‍സ് അടിച്ചെടുത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയം നേടിയെടുത്തത്. 13 പന്തില്‍ 3 ഫോറും ഒരു സിക്‌സും അടക്കം ധോണി 28 റണ്‍സാണ് നേടിയത്.

പ്രിട്ടോറിയസ് 14 പന്തില്‍ 22 റണ്‍സ് നേടി ധോണിക്ക് മികച്ച പിന്തുണ നല്‍കി. 18 പന്തില്‍ 42 റണ്‍സ് വേണമെന്ന നിലയിലായിരുന്നു ഇരുവരുടേയും കൂട്ടുകെട്ട്. പ്രിട്ടോറിയസ് അവസാന ഓവറിലെ ആദ്യ പന്തിലാണ് പുറത്തായത്.

‘ ധോണിയാണ് ഫിനിഷിങ്ങിലെ മാസ്റ്റര്‍. ഇന്ന് രാത്രി അത് വീണ്ടും ചെയ്തു. ആദ്യ ഓവറില്‍ തന്നെ ആ സ്‌കൂപ്പ് ഷോട്ടിന് പോകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ധോണി എന്നോട് കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വീണ്ടും ചോദിച്ചപ്പോള്‍ അടിച്ചോളാന്‍ ധോണി നിര്‍ദ്ദേശം നല്‍കി. ടീമിന്റെ വിജയത്തില്‍ സംഭാവന നല്‍കിയതില്‍ സന്തോഷമുണ്ട്’ മത്സരശേഷം പ്രിട്ടോറിയസ് പറഞ്ഞു.

മത്സരം കൈവിട്ടു പോയപ്പോള്‍ ആശങ്കയുണ്ടായിരുന്നു എന്നും, എന്നാല്‍ ഗ്രേറ്റ് ഫിനിഷര്‍ ക്രീസിലുള്ളപ്പോള്‍ ചാന്‍സ് ഉണ്ടായിരുന്നു എന്നും ജഡേജ പറഞ്ഞു. അദ്ദേഹം ഇപ്പോഴും ഞങ്ങള്‍ക്കു വേണ്ടി ഇത് ചെയ്യുന്നു എന്നും ജഡേജ കൂട്ടിചേര്‍ത്തു.

 

You Might Also Like