ചരിത്രം ഗോകുലം എഴുതി, ഐലീഗ് കിരീടം നിലനിര്‍ത്തി കേരള ക്ലബ്

ഐലീഗില്‍ ചരിത്രമെഴുതി കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ക്ലബായ ഗോകുലം കേരള എഫ്.സി. ശനിയാഴ്ച നടന്ന നിര്‍ണായകമായ അവസാന മത്സരത്തില്‍ മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം തുടര്‍ച്ചയായ രണ്ടാം തവണയും ഐലീഗ് കിരീടം സ്വന്തമാക്കി. ഇതാദ്യമായിട്ടാണ് ഒരു ടീം ഐലീഗ് കിരീടം നിലനിര്‍ത്തുന്നത്.

നേരത്തെ 2020-21 സീസണിലും കിരീടം നേടിയ ഗോകുലം ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്ബോള്‍ ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.

18 കളികളില്‍ നിന്ന് 13 വിജയങ്ങളോടെ 43 പോയന്റ് നേടിയാണ് ഗോകുലം ഐ ലീഗ് കിരീടത്തില്‍ തുടച്ചയായ രണ്ടാം തവണയും മുത്തമിടുന്നത്. റിഷാദ്, എമില്‍ ബെന്നി എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. അസ്ഹറുദ്ദീന്‍ മാല്ലിക്കിന്റെ വകയായിരുന്നു മുഹമ്മദന്‍ എസ്.സിയുടെ ഏക ഗോള്‍.

കിരീടത്തിലേക്ക് ഒരു സമനില മാത്രം മതിയായിരുന്ന ഗോകുലം ശ്രദ്ധയോടെയാണ് കളിയാരംഭിച്ചത്. എന്നാല്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ മുഹമ്മദന്‍സ് തുടക്കത്തില്‍ തന്നെ ഗോകുലം ഗോള്‍മുഖം ആക്രമിച്ചുകൊണ്ടിരുന്നു. മാര്‍ക്കസ് ജോസഫും ആന്‍ഡെലോയുമെല്ലാം മികച്ച മുന്നേറ്റങ്ങളൊരുക്കി. എന്നാല്‍ പതിയെ താളം കണ്ടെത്തിയ ഗോകുലം പിന്നീട് മികച്ച കളി പുറത്തെടുത്തു. 49, 61 മിനിറ്റിലാണ് ഗോകുലത്തിന്റെ ഗോളുകള്‍ പിറന്നത്.

You Might Also Like