പ്രധാന താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടും, അവിശ്വസനീയ മാറ്റങ്ങളോടെ ദുലീപ് ട്രോഫി, ഷെഡ്യൂള്‍ ഇങ്ങനെ
ഇന്ത്യയുടെ ഈ വര്‍ഷത്തെ (2024-25) ആഭ്യന്തര ക്രിക്കറ്റ് സീസണിന് തുടക്കം കുറിക്കുന്നത് സെപ്റ്റംബര്‍ ആദ്യവാരത്തോടു കൂടിയാണ്. ഇന്ത്യന്‍ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്റാണ സെപ്റ്റംമ്പറില്‍ തുടങ്ങുന്നത്. ഇന്ത്യയുടെ ഈ വര്‍ഷത്തെ ഹോം ടെസ്റ്റ് പരമ്പരയ്ക്കും ഓസ്ട്രേലിയന്‍ പര്യടനത്തിനും മുന്നോടിയായുള്ള ഒരു തയ്യാറെടുപ്പ് ടൂര്‍ണമെന്റായാണ് ദുലീപ് ട്രോഫിയെ കണക്കാക്കുന്നത്.
അതെസമയം ഈ സീസണില്‍ ദുലീപ് ട്രോഫി ടൂര്‍ണമെന്റിന്റെ ഘടനയിലും മൊത്തത്തിലുള്ള സംവിധാനത്തിലും ഒരു പൊളിച്ചെഴുത്ത് സംഭവിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.. സാധാരണയായി രാജ്യത്തെ ആറ് മേഖലകളിലായി സോണല്‍ ഫോര്‍മാറ്റിലാണ് ദുലീപ് ട്രോഫി നടക്കുന്നത്. കഴിഞ്ഞ സീസണില്‍ ഹനുമ വിഹാരി നയിച്ച സൗത്ത് സോണ്‍ ഫൈനലില്‍ വെസ്റ്റ് സോണിനെ 75 റണ്‍സിന് പരാജയപ്പെടുത്തി കിരീടം നേടുകയായിരുന്നു.
എന്നാല്‍ ഇത്തവണ ആറ് ടീം സോണല്‍ ഫോര്‍മാറ്റും സോണല്‍ സെലക്ഷനുകളും ഒഴിവാക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. പകരം, ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി എന്നീ നാല് ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സീനിയര്‍ ദേശീയ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമുകളെ തിരഞ്ഞെടുക്കുക.
നോക്കൗട്ട് മത്സരങ്ങളില്ലാതെ റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനമാക്കിയുള്ള ഫോര്‍മാറ്റിലാണ് ഇത്തവണ ദുലീപ് ട്രോഫി നടക്കുക. മൂന്ന് റൗണ്ടുകള്‍ക്ക് ശേഷം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കും.
ദുലീപ് ട്രോഫി 2024-25: തീയതികളും വേദികളും
ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ അനന്തപൂര്‍ ക്രിക്കറ്റ് ഗ്രൗണ്ട് കോംപ്ലക്സിലെ രണ്ട് വേദികളിലാണ് വരാനിരിക്കുന്ന ദുലീപ് ട്രോഫി പ്രധാനമായും നടക്കുക. ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലും ആദ്യ റൗണ്ടിലെ ഒരു മത്സരം നടക്കാന്‍ സാധ്യതയുണ്ട്. മൂന്ന് റൗണ്ടുകളിലായി സെപ്റ്റംബര്‍ 5 മുതല്‍ സെപ്റ്റംബര്‍ 22 വരെയാണ് ടൂര്‍ണമെന്റ് നടക്കുക.
രോഹിത്, കോഹ്ലി, സീനിയര്‍ ഇന്ത്യന്‍ താരങ്ങള്‍ എന്നിവര്‍ ദുലീപ് ട്രോഫിയില്‍ പങ്കെടുക്കുമോ?
ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ് എന്നിവരോട് ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘകാല വിശ്രമം അനുവദിച്ചതിനാല്‍ സ്പീഡ്സ്റ്റര്‍ ജസ്പ്രീത് ഭുംറ ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ല.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടൂര്‍ണമെന്റിന്റെ ഒരു റൗണ്ടില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. 2016ലാണ് രോഹിത് അവസാനമായി ദുലീപ് ട്രോഫിയില്‍ കളിച്ചത്. കോഹ്ലി 2012ന് ശേഷം ഒരു ആഭ്യന്തര ഫസ്റ്റ്-ക്ലാസ് മത്സരത്തിലും കളിച്ചിട്ടില്ല.
ദുലീപ് ട്രോഫി 2024: പൂര്‍ണ്ണ ഷെഡ്യൂള്‍
സെപ്റ്റംബര്‍ 5-8, 2024: ഇന്ത്യ എ vs ഇന്ത്യ ബി – വേദി: റൂറല്‍ ഡെവലപ്മെന്റ് ട്രസ്റ്റ് സ്റ്റേഡിയം, അനന്തപൂര്‍* (വേദി മാറ്റത്തിന് വിധേയമാണ്)
സെപ്റ്റംബര്‍ 5-8, 2024: ഇന്ത്യ സി vs ഇന്ത്യ ഡി – വേദി: ACA ADCA ഗ്രൗണ്ട്, അനന്തപൂര്‍* (വേദി മാറ്റത്തിന് വിധേയമാണ്)
സെപ്റ്റംബര്‍ 12-15, 2024: ഇന്ത്യ എ vs ഇന്ത്യ ഡി – വേദി: റൂറല്‍ ഡെവലപ്മെന്റ് ട്രസ്റ്റ് സ്റ്റേഡിയം, അനന്തപൂര്‍
സെപ്റ്റംബര്‍ 12-15, 2024: ഇന്ത്യ ബി vs ഇന്ത്യ സി – വേദി: ACA ADCA ഗ്രൗണ്ട്, അനന്തപൂര്‍
സെപ്റ്റംബര്‍ 19-22, 2024: ഇന്ത്യ എ vs ഇന്ത്യ സി – വേദി: റൂറല്‍ ഡെവലപ്മെന്റ് ട്രസ്റ്റ് സ്റ്റേഡിയം, അനന്തപൂര്‍
സെപ്റ്റംബര്‍ 19-22, 2024: ഇന്ത്യ ബി vs ഇന്ത്യ ഡി – വേദി: ACA ADCA ഗ്രൗണ്ട്, അനന്തപൂര്‍