ലോകത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചു, പിന്നീടൊരിക്കലും അയാള്‍ രാജ്യത്തിനായി ക്രിക്കറ്റ് കളിച്ചില്ല

Image 3
Cricket

ധനേഷ് ദാമോധരന്‍

റെക്കോര്‍ഡുകള്‍ക്ക് പഞ്ഞമില്ലാത്ത ക്രിക്കറ്റില്‍ ഇന്ന് മറ്റൊരു റെക്കോര്‍ഡിന്റെ കഥ പറയാം .ഏകദിന ക്രിക്കറ്റില്‍ തന്റെ അവസാന മത്സരത്തില്‍ ഗംഭീര പ്രകടങ്ങള്‍ കാഴ്ച വെച്ചവരെ തേടിപ്പോയാല്‍ ഒരു പാട് മുഖങ്ങള്‍ കാണാം .കുറെ സെഞ്ചുറി പ്രകടനങ്ങളും 5 വിക്കറ്റ് നേട്ടങ്ങളും കണ്ടേക്കാം .എന്നാല്‍ തന്റെ അവസാന മാച്ചില്‍ ഏറ്റവും ഗംഭീര പ്രകടനം കാഴ്ച വെച്ച കളിക്കാരന്‍ ആരെന്ന ചോദ്യത്തിന് 90% പേരുടെ ഉത്തരം തെറ്റിയേക്കാം .

ഒരു ടെസ്റ്റ് പോലും കളിക്കാത്ത, വെറും 6 ഏകദിന മത്സരങ്ങള്‍ മാത്രം കരിയര്‍ അവകാശപ്പെടാവുന്ന ഒരു അസോസിയേറ്റ് രാജ്യക്കാരനാണ് ആ ബഹുമതി .ആ നേട്ടം ഒരു ലോകകപ്പ് മത്സരത്തിലായിരുന്നു എന്നത് അതിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു

തന്റെ അവസാന മത്സരത്തില്‍ ഒരാള്‍ നടത്തിയ ഏറ്റവും മികച്ച ഓള്‍റൗണ്ട് പ്രകടനമായിരുന്നു 2003 ലോകകപ്പില്‍ ബ്ലൂംഫൊണ്ടെയ്‌നില്‍ നമീബിയക്കെതിരെ കണ്ടത് .ബാറ്റിങ്ങിനിറങ്ങി 121 റണ്‍സ് നേടിയതിനു പിന്നാലെ പന്തെറിഞ് 42 റണ്‍സിന് 4 വിക്കറ്റും .ആ പ്രകടനത്തിന്റെ വിശേഷം അവിടെയും തീര്‍ന്നില്ല. ലോകകപ്പില്‍ ഒരു മത്സരത്തില്‍ സെഞ്ചുറിയും 4 വിക്കറ്റും എന്ന ചരിത്ര നേട്ടം കാഴ്ച ചെയ്ത ആദ്യ താരം എന്ന പ്രത്യേകതയും ആ നേട്ടത്തിനുണ്ടായിരുന്നു .

വെറും 6 ഏകദിന മത്സരങ്ങള്‍ കളിച്ച് കരിയറില്‍ ആകെ 161 റണ്‍സ് മാത്രം ,പന്തെറിഞ്ഞ് കിട്ടിയതോ വെറും 8 വിക്കറ്റുകള്‍ .എന്നാല്‍ ജാന്‍ ഫിക്കോ ക്ലോപ്പന്‍ ബര്‍ഗ് എന്ന ശരാശരിയിലും താഴെ മാത്രം മികവ് അവകാശപ്പെടാന്‍ പോകുന്ന ആ ഡച്ചുകാരന് 2003 മാര്‍ച്ച് 3 ആം തീയതി എന്ന ദിവസം ജീവിതത്തില്‍ എന്നെന്നും ഓര്‍ക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് സമ്മാനിച്ചത് .ദു:ഖകരമായ ഒരു കാര്യം ,ചരിത്രത്തിലിടം നേടിയ ക്ലോപ്പന്‍ ബര്‍ഗിന് തന്റെതല്ലാത്ത കാരണം കൊണ്ട് പിന്നീട് കരിയറില്‍ ഒരു മാച്ച് പോലും കളിക്കാന്‍ പറ്റിയില്ല എന്നതായിരുന്നു .

ആ മത്സരത്തില്‍ സ്‌കോര്‍ 64 ലെത്തിയപ്പോള്‍ 1999 ല്‍ ഇംഗ്ലണ്ടിനെതിരെ ക്ലാസ് വാന്‍ നൂര്‍ട്ട് വിക്ക് നേടിയ ഒരു ഡച്ചുകാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം ക്‌ളോപ്പന്‍ ബര്‍ഗ് സ്വന്തം പേരിലാക്കി .ഒടുവില്‍ 121 റണ്‍സുമായി ക്‌ളോപ്പന്‍ ബര്‍ഗ് റെക്കോര്‍ഡ് പുതുക്കിയെങ്കിലും രസകരമായ ഒരു കാര്യം മിനുട്ടുകള്‍ക്കുള്ളില്‍ നടന്നു .റെക്കോര്‍ഡിന്റെ പഴയ സുക്ഷിപ്പുകാരന്‍ നൂര്‍ട്ട് വിക്ക് ക്ലോപ്പന്‍ ബര്‍ഗിന്ന് പിന്നാലെ സെഞ്ചുറി നേടി 129 റണ്‍സുമായി റെക്കോര്‍ഡ് വീണ്ടും തിരിച്ചു പിടിച്ചു .

റെക്കോര്‍ഡുകള്‍ മാറി മാറി ഭരിച്ച ഇരുവരും ചേര്‍ന്ന് ഒടുവില്‍ മറ്റൊരു റെക്കോര്‍ഡ് കുടി സൃഷ്ടിക്കുകയുണ്ടായി .രണ്ടാം വിക്കറ്റില്‍ 228 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ഇരുവരും 1997 ല്‍ നെയ്റോബിയില്‍ കെനിയന്‍ സഖ്യം ദീപക് ചൂദസാമ – കെന്നഡി ഒട്ട്യാനോമാര്‍ നേടിയ 225 റണ്‍ മറികടന്ന് ഒരു അസോസിയേറ്റ് രാജ്യത്തിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട് എന്ന ബഹുമതി അവരുടെ പേര്‍ക്കെഴുതി .അക്കാലത്ത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ കൂട്ടുകെട്ട് എന്ന ബഹുമതി കുടി ആ നേട്ടത്തിനുണ്ടായിരുന്നു .

റെക്കോര്‍ഡുകളുടെ പെരുമഴ കണ്ട മത്സരത്തില്‍ ബാറ്റിങ്ങില്‍ അവസാനിച്ചില്ല വിശേഷങ്ങള്‍ .ഭീഷണി സൃഷ്ടിച്ച ഓപ്പണര്‍ ബര്‍ഗറെ തന്റെ മീഡിയം പേസിലൂടെ പുറത്താക്കി തുടങ്ങിയ ക്‌ളോപ്പന്‍ ബര്‍ഗ് 10 ഓവറും പന്തെറിഞ്ഞ് 42 റണ്‍ വഴങ്ങിയ 4 വിക്കറ്റ് വീഴ്ത്തി ഒരു അപൂര്‍വ ഓള്‍റൗണ്ട് പ്രകടനം നടത്തി .

അതു വരെ കളിച്ച എല്ലാ ലോകകപ്പ് മത്സരങ്ങളും തോറ്റ 2 കുഞ്ഞ ടീമുകള്‍ തമ്മിലുള്ള ആപ്രസക്തമായ ആ പോരാട്ടം അധികമാരും ശ്രദ്ധിച്ചിരുന്നില്ല .ഗുണ്ടപ്പ വിശ്വനാഥ് മാച്ച് റഫറി ആയി തുടങ്ങിയ മത്സരത്തില്‍ ടോസ് നേടിയ ഹോളണ്ട് ആദ്യം ബാറ്റിങ്ങിനിറങ്ങി.6 ആം ഓവറില്‍ 2003 ലെ റഗ്ബി ലോകകപ്പ് കളിച്ച് ശ്രദ്ധേയനായ ,തൊട്ടു മുന്‍പ് നടന്ന മാച്ചില്‍ ഇംഗ്ലണ്ടിനെതിരെ 5 വിക്കറ്റ് പ്രകടനവും നടത്തിയ റൂഡി വാന്‍ വൂറന്‍ ഓപ്പണര്‍ എഡ്ഗാര്‍ ഷിവര്‍ലി യെ പുറത്താക്കി .ആ മാച്ചില്‍ നമീബിയ ചിരിച്ച ഒരേ ഒരു നിമിഷം .പിന്നീട് ഒരു വിക്കറ്റ് വീഴാന്‍ 44 മത് ഓവര്‍ വേണ്ടി വന്നു .അതിനിടയിലെ 38 ഓവര്‍ അവര്‍ എങ്ങനെയൊക്കെയോ എറിഞ്ഞു തീര്‍ക്കുകയായിരുന്നു.

37 ആം ഓവറില്‍ 127 പന്തില്‍ സെഞ്ചുറി തികച്ച ക്‌ളോപ്പന്‍ ബര്‍ഗ് 142 പന്തില്‍ 6 ഫോറുകളും 4 സിക്‌സറുകളും പറത്തി 121റണ്‍സുമായി പുറത്താകുമ്പോള്‍ സ്‌കോര്‍ 2 ന് 253 .പിന്നാലെ 111 പന്തില്‍ നൂര്‍ട്ട് വിക്കിന്റെ സെഞ്ചുറി .50 ഓവര്‍ പിന്നിട്ടപ്പോള്‍ ഡച്ച് സ്‌കോര്‍ 4 ന് 314.നൂര്‍ട്ട് വിക്ക് 134 പന്തില്‍ 11 ഫോര്‍ ,3 സിക്‌സര്‍ പുറത്താകാതെ 129. അതിന് മുന്‍പ് ഒരു മത്സരത്തില്‍ പോലും ഹോളണ്ട് 230 ലധികം റണ്‍ നേടിയിരുന്നില്ല .അവസാന 10 ഓവറില്‍ 89 റണ്‍സടിച്ച ഹോളണ്ട് അവസാന 5 ഓവറില്‍ നേടിയത് 51 റണ്‍ .ലൂയി ബര്‍ഗര്‍ (10-1-49-2 ) മാത്രമായിരുന്നു ബൗളര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.

ഗംഭീരമായി ചേസ് ചെയ്ത നമീബിയ 14 ഓവറില്‍ 76 ലെത്തിയപ്പോ ആദ്യ വിക്കറ്റ് നഷ്ടമായി .ക്ലോപ്പന്‍ ബര്‍ഗ് തന്നെയാണ് ആദ്യ വെടി പൊട്ടിച്ചത് .3 ആം വിക്കറ്റില്‍ 92 റണ്‍ വന്നതോടെ നമീബിയക്ക് വീണ്ടും പ്രതീക്ഷ.7 വിക്കറ്റ് ശേഷിക്കെ 65 പന്തില്‍ 106 മതിയായിരുന്നു .എന്നാല്‍ തുടര്‍ച്ചയായ പന്തുകളില്‍ 2 വിക്കറ്റടക്കം ആദ്യ 7 ല്‍ 4 വിക്കറ്റും പിഴുത ക്ലോപ്പന്‍ ബര്‍ഗ് ഡച്ചിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. മറ്റൊരു കൗതുകം കൂടി കണ്ടു . 42 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയ ക്‌ളോപ്പന്‍ ബര്‍ഗിന് പുറമെ തന്റെ അവസാന 3 ഓവറില്‍ 4 വിക്കറ്റ് പിഴുത സ്പിന്നര്‍ ആദില്‍ രാജയും 42 റണ്‍സ് വഴങ്ങി തന്നെ 4 വിക്കറ്റ് നേടി .

അവസാന 7 വിക്കറ്റുകള്‍ വെറും 41 റണ്‍സിന് നഷ്ടമായ നമീബിയ ഒടുവില്‍ 250 റണ്‍സിന് ഓള്‍ ഔട്ടായതോടെ ഹോളണ്ട് കളി 64 റണ്‍സിന് ജയിച്ചു .
ക്‌ളോപ്പന്‍ ബര്‍ഗിനും നൂര്‍ട്ട് വിക്കിനും പിന്നീട് ഒരു ഏകദിനവും കളിക്കാന്‍ പറ്റിയില്ല .നമീബിയന്‍ ടീമിന്റെയും സ്ഥിതി അതു തന്നെ ആയിരുന്നു .ക്ലോപ്പന്‍ ബര്‍ഗിന്റെ ചരിത്രനേട്ടം പിന്നീട് ലോകകപ്പില്‍ ശ്രീലങ്കയുടെ തിലകരത്‌ന ദില്‍ഷന്‍ ആവര്‍ത്തിക്കുകയുണ്ടായി .

2004 ല്‍ ഒരേ ഒരു ഫസ്റ്റ് ക്ലാസ് മാച്ച് കളിച്ച ക്‌ളോപ്പന്‍ ബര്‍ഗ് 2 ഇന്നിങ്‌സിലും പൂജ്യത്തിന് പുറത്തായി .ബാളിങ്ങിലാണെങ്കില്‍ ഒരു വിക്കറ്റ് പോലും നേടാനുമായില്ല .2001 ല്‍ ഹോളണ്ട് ജേതാക്കളായ ICC ട്രോഫിയില്‍ 6 മാച്ചുകള്‍ കളിച്ച ക്‌ളോപ്പന്‍ ബര്‍ഗിന് ഒരു അര്‍ധശതകം മാത്രമാണ് നേടാന്‍ പറ്റിയത് .ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട് പിന്നീട് 2002 ല്‍ പാകിസ്ഥാനെതിരെ ആദ്യ ഏകദിനം കളിച്ചു .പാക് പട 9 വിക്കറ്റിന് ജയിച്ച കളിയില്‍ 7 റണ്‍സ് മാത്രം എടുത്ത ക്ലോപ്പന്‍ ബര്‍ഗ് പക്ഷെ ഇമ്രാന്‍ നസീറിനെ പുറത്താക്കി വിക്കറ്റ് നേടി .2003 ലോകകപ്പില്‍ അദ്ദേഹത്തിന് 5 മാച്ചുകള്‍ കളിക്കാന്‍ പറ്റി .

ഒരേ ഒരു ദിവസത്തെ ആ അസാമാന്യ പ്രകടനം ക്‌ളോപ്പന്‍ ബര്‍ഗിന് സമ്മാനിച്ചത് മഹത്തായ നേട്ടം .6 മത്സരങ്ങള്‍ മാത്രമേ കരിയറില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായെങ്കിലും ക്രിക്കറ്റിന്റെ കണക്കു പുസ്തത്തില്‍ ഒരു പട്ടികയിലെങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ,വിവിയന്‍ റിച്ചാര്‍ഡ്‌സ് ,ജയസൂര്യ ,കോളിങ്ങ് വുഡ്, ഗാംഗുലി തുടങ്ങിയ വമ്പന്‍മാര്‍ക്കൊപ്പം സ്ഥാനം പിടിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും അഭിമാനിക്കാം .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍