യൂറോപ്പിലെ സാധ്യതയിലേക്ക് പോകുന്നു, പുറത്താക്കിയത് സെര്‍ബിയന്‍ സംഘം, തുറന്നടിച്ച ഷറ്റോരി
![Image 3](https://pavilionend.in/wp-content/uploads/2020/04/messi-1.jpg)
ബ്ലാസ്‌റ്റേഴ്‌സിനെ വിട്ടുപോകേണ്ടി വന്നതില്‍ താന്‍ നിരാശനാണെന്നും തന്നെ പുറത്താക്കാനുളള തീരുമാനം പുതിയ മാനേജുമെന്റിന്റേതാണെന്നും ഡച്ച് പരിശീലകന്‍ എല്‍കോ ഷട്ടോരി. ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധക ചാനലായ സൂപ്പര്‍പവര്‍ ഫുട്‌ബോളുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ഷട്ടോരി.
സെര്‍ബിയയില്‍നിന്നുള്ള ചിലര്‍ കഴിഞ്ഞ ഡിസംബറിലും ജനുവരിയിലും എത്തിയപ്പോഴും ടീമിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോഴും മാറ്റത്തിന്റെ സൂചനകള്‍ ലഭിച്ചിരുന്നുവെന്നും ഷട്ടോരി പറഞ്ഞു. ‘ഞാന്‍ നിരാശനാണ്. തുടങ്ങിവച്ചതു നല്ല രീതിയില്‍ പൂര്‍ത്തിയാക്കണം എന്നുണ്ടായിരുന്നു. അതിനു 100 ശതമാനവും യോജിച്ചയാള്‍ ഞാനാണെന്നു വിശ്വസിച്ചിരുന്നു. പക്ഷേ, ബ്ലാസ്റ്റേഴ്‌സ് അങ്ങനെ വിശ്വസിക്കുന്നില്ല എന്നു മനസ്സിലാക്കുന്നു. വിഷമമുണ്ട്’ ഷട്ടോരി പറഞ്ഞു.
ആരാധകര്‍ ആവശ്യപ്പെട്ടതുപോലെ കളി ശൈലിയില്‍ മാറ്റം വരുത്തിയെന്നു വിശ്വസിക്കുന്നതായും ഷറ്റോരി കൂട്ടിചേര്‍ത്തു. ആരാധകര്‍ക്ക് കുറെയൊക്കെ സന്തോഷം നല്‍കാന്‍ കഴിഞ്ഞെന്നും ഒരു സീസണിലെ ഏറ്റവുമധികം ഗോളുകള്‍ നേടാനും കഴിഞ്ഞതായും ഷറ്റോരി പറയുന്നു.
ജിങ്കന്റെ അഭാവം ടീമിന് തിരിച്ചടിയയെന്നും അദ്ദേഹം കൂടി ടീമിലുണ്ടായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ എന്നാണ് കരുതുന്നതെന്നും ഷറ്റോരി പറഞ്ഞു. ജിങ്കന്റെ ശാരീരമികവും പോരാട്ടവീര്യവും മുതല്‍ക്കൂട്ടായേനേയെന്നും പരുക്ക് എല്ലാ പ്രതീക്ഷകളും തകര്‍ത്തു കളഞ്ഞെന്നും മുന്‍ കോച്ച് ചൂണ്ടികാണിയ്ക്കുന്നു.
ഭാവിയില്‍ യൂറോപ്പിലെ സാധ്യതകളാണ് താന്‍ അന്വേഷിക്കുന്നതെന്നും ഉയര്‍ന്നതലത്തില്‍ ജോലി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ ക്ലബുകളുമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഈജിപ്തുകാരിയായ ഭാര്യയ്ക്കും മകന്‍ ജിയാന്‍ ലൂക്കയ്ക്കുമൊപ്പം ഒമാനിലാണ് ഇപ്പോള്‍ എല്‍കോ.