സിംബാബ്‌വെ പര്യടനം, ദ്രാവിഡിന് പകരം കോച്ചിനെ പ്രഖ്യാപിച്ച് ബിസിസിഐ

സിംബാബ്‌വെയ്‌ക്കെതിരായി ഏകദിന പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുക പുതിയ പരിശീലകന് കീഴില്‍. ഏഷ്യ കപ്പിന് മുന്നോടിയായി മുഖ്യ കോച്ചും മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവുമായി രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിക്കാന്‍ ബിസിസിഐ തീരുമാനിച്ചു.

ഇതോടെ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായ വിവിഎസ് ലക്ഷ്മണ്‍ എത്തും. നേരത്തെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും ഇന്ത്യയെ പരിശീലിപ്പിച്ചത് ലക്ഷ്മണ്‍ ആയിരുന്നു.

ദ്രാവിഡിന് പുറമെ ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോഡിനും ബൗളിങ് പരിശീലകനായ പരസ് മാംബ്രെക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇരുവര്‍ക്കും പകരം മുന്‍ താരങ്ങളായ സായ്രാജ് ബഹുതുലെ, ഋഷികേശ് കനിത്കറുമാകും ബാറ്റിംഗ്-ബൗളിംഗ് പരിശീലകരായി ടീമിനൊപ്പം ചേരുക.

ദ്രാവിഡിന് കുറച്ചു ദിവസത്തെ വിശ്രമം അനുവദിക്കുകയാണെന്നും ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിനൊപ്പം സിംബാബ്വെയിലേക്ക് പോകുമെന്നും ജയ് ഷാ വ്യക്തമാക്കി. സിംബാബ്വെ പര്യടനത്തിന് പോയാല്‍ 20ന് ഏഷ്യാ കപ്പിനായി യുഎഇയിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം പോകാന്‍ ദ്രാവിഡിന് കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ഇതുകൂടി മുന്നില്‍ കണ്ടാണ് വിശ്രമം നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന് വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ എന്നിവയില്‍ ദ്രാവിഡ് ഭാഗമായി.

ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീമും സപ്പോര്‍ട്ട് സ്റ്റാഫും ഈ മാസം 20നാണ് യുഎഇയിലേക്ക് പോകുക. 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28ന് പാകിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മാസം 18, 20, 22 തീയതികളിലാണ് സിംബാബ്വെക്കെതിരായ ഏകദിന പരമ്പര.

You Might Also Like