ഒടുവില്‍ രോഹിത്തിന് നന്ദി പറഞ്ഞ് ദ്രാവിഡ്, ആ അമ്പരപ്പിക്കുന്ന രഹസ്യം വെളിപ്പെടുത്തി സൂര്യ

Image 3
CricketTeam India

ടി20 ലോക കിരീടം ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നന്ദി പറഞ്ഞെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയ്ക്ക് പിന്നാലെ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിയുവാന്‍ തീരുമാനിച്ചിരുന്നതാണെന്നും രോഹിത്ത് ഇടപെട്ട് ദ്രാവിഡിനെ ടി20 ലോകകപ്പ് വരെ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

രോഹിത്തിന്റെ ഈ ഇടപെടലാണ് പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന് തുണയായത്. രോഹിത്തിന്റെ വാക്കുകേട്ട് ടി20 ലോകകപ്പ് വരെ തുടര്‍ന്ന ദ്രാവിഡിന് ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിച്ച് പടിയിറങ്ങാനുളള അവസരമാണ് ലഭിച്ചത്. ഇതാണ് രോഹിത്തിന് നന്ദി പറയാന്‍ ദ്രാവിഡിനെ പ്രേരിപ്പിച്ചത്.

‘അവസാനം ദ്രാവിഡ് വന്ന് രോഹിത്തിന് നന്ദി പറഞ്ഞു. ‘നവംബറില്‍ ആ ഫോണ്‍ കോളിന് നന്ദി, രോഹിത്ത്,’ എന്നാണ് ദ്രാവിഡ് പറഞ്ഞത്. കാരണം ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍ക്കുന്നതിന് ശേഷം ദ്രാവിഡ് പരിശീലകനായി തുടരാന്‍ ആഗ്രഹിച്ചില്ലായിരുന്നു. പക്ഷേ രോഹിത്തും ജയ് ഷാ സാറും അദ്ദേഹത്തെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു’ സൂര്യ കുമാര്‍ യാദവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തി.

ടി20 ലോകകപ്പിന് ശേഷം ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുകയാണ്. ദ്രാവിഡിന് പകരം പുതിയ പരിശീലകനെ ഉടന്‍ ബിസിസിഐ പ്രഖ്യാപിക്കും. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലാകും പുതിയ പരിശീലകന്‍ ചുമതലയേല്‍ക്കുക. അതിന് മുമ്പ് നടക്കുന്ന ഇന്ത്യയുടെ സിംബാബ് വെ പര്യടനത്തില്‍ നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമി ഡയറക്ടര്‍ വിവിഎസ് ലക്ഷ്മണ്‍ ആകും ഇന്ത്യയെ പരിശീലിപ്പിക്കുക.