ഓസീസ് ക്രിക്കറ്റില്‍ പൊട്ടിത്തെറി, ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ, ഖവാജ വേട്ടയാടപ്പെടുന്നു

ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ ചില നിലപാടുകളെ ചുറ്റിപറ്റി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ക്വീന്‍സ്ലാന്‍ഡിന്റെ നിര്‍ണായക മത്സരത്തില്‍ കളിക്കാതെ മെല്‍ബണില്‍ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് കാണാന്‍ പോയ ഖവാജയുടെ നടപടിയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മെല്‍ബണില്‍ ഭാര്യ റേച്ചലിനൊപ്പമാണ് ഖവാജ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് കാണാന്‍ പോയത്.
ജൂണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യു.ടി.സി) ഫൈനലിന് വേണ്ടി വിശ്രമിക്കുകയാണെന്നാണ് ഖവാജ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, ടാസ്മാനിയക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് ശേഷം ചെറിയ പരിക്കുണ്ടായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തി.
മെല്‍ബണിലെ എഫ് 1 റേസില്‍ ഖവാജയെ കണ്ടതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഖവാജ കളിക്കാന്‍ തയ്യാറാകാത്തതില്‍ ക്വീന്‍സ്ലാന്‍ഡ് ക്രിക്കറ്റിന്റെ എലൈറ്റ് ക്രിക്കറ്റ് മേധാവി ജോ ഡോവ്സ് അതൃപ്തി പ്രകടിപ്പിച്ചു. ഖവാജ ഈ നടപടി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലില്‍ കളിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
‘ഞങ്ങളുടെ മെഡിക്കല്‍ സ്റ്റാഫ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, അവസാന മത്സരത്തില്‍ ഖവാജ കളിക്കാതിരിക്കാന്‍ ഒരു കാരണവുമില്ലായിരുന്നു. ക്വീന്‍സ്ലാന്‍ഡിന് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചിട്ടും അദ്ദേഹം കളിക്കാതിരുന്നത് നിരാശാജനകമാണ്. കളിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് കളിക്കാര്‍ ഇവിടെയുണ്ട്,’ ഡോവ്സ് ന്യൂസ് കോര്‍പ്പിനോട് പറഞ്ഞു.
ഇതിന് പിന്നാലെ, നഥാന്‍ ലിയോണിന്റെ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങളില്‍ നിന്നുള്ള പിന്മാറ്റവും ചര്‍ച്ചയായി. എന്നാല്‍ ഖവാജയുടെ നടപടിയെ ക്വീന്‍സ്ലാന്‍ഡ് ക്രിക്കറ്റ് അധികൃതര്‍ വിമര്‍ശിച്ചപ്പോള്‍, ലിയോണിന്റെ പിന്മാറ്റത്തെക്കുറിച്ച് കാര്യമായ വിമര്‍ശനങ്ങളൊന്നും ഉയര്‍ന്നില്ല. ഇത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന വിവേചനമായി ഒരു വിഭാഗം ചൂണ്ടികാണിക്കുന്നു.
ഓസ്ട്രേലിയയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റുള്ള കളിക്കാര്‍ക്ക് സംസ്ഥാന ടീമുകളുമായി കരാറില്ലാത്തതിനാല്‍ ഷെഫീല്‍ഡ് ഷീല്‍ഡിലോ മറ്റേതെങ്കിലും മത്സരങ്ങളിലോ കളിക്കാന്‍ അവര്‍ ബാധ്യസ്ഥരല്ല. എന്നിരുന്നാലും, അധികൃതര്‍ ഖവാജയുടെയും ലിയോണിന്റെയും കാര്യത്തില്‍ വ്യത്യസ്ത സമീപനം സ്വീകരിച്ചത് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ഖവാജയുടെ നടപടി ടീമിനോടുള്ള പ്രതിബദ്ധതയില്ലായ്മയായി ചിലര്‍ വിലയിരുത്തുമ്പോള്‍, ലിയോണിന്റെ പിന്മാറ്റത്തെ ജോലിഭാരത്തിന്റെ പേരില്‍ ന്യായീകരിക്കുന്നു. ഈ ഇരട്ടത്താപ്പ് ഓസ്ട്രേലിയന്‍ ടീമിന്റെ നിലപാടുകളിലെ വൈരുദ്ധ്യമാണ് വെളിവാക്കുന്നതെന്നാണ് ആരോപണം.
ലിയോണിന്റെ നിലപാടിനെ മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ക്രാഡോക്ക് ചോദ്യം ചെയ്തു ‘ജോലിഭാരം കാരണമാണ് ലിയോണ്‍ കളിക്കാത്തതെന്ന് പറയുന്നു. ശരിക്കും? അടുത്ത ഫസ്റ്റ് ക്ലാസ് മത്സരം രണ്ടുമാസം കഴിഞ്ഞ് കളിക്കാനുള്ള ഒരു സ്പിന്‍ ബൗളര്‍ക്ക് ജോലിഭാരമോ?. ന്യൂ സൗത്ത് വെയില്‍സ് കളിക്കുമ്പോള്‍ സ്റ്റീവ് സ്മിത്ത് കഴിഞ്ഞ വാരാന്ത്യം അമേരിക്കയിലായിരുന്നു. കളിക്കാര്‍ മത്സരങ്ങളില്‍ പങ്കെടുക്കാതിരിക്കുന്നത് അംഗീകരിക്കപ്പെട്ട കാര്യമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് ന്യൂ സൗത്ത് വെയില്‍സില്‍ കൂടുതല്‍ ടെസ്റ്റ് കളിക്കാര്‍ ഉള്ളതിനാല്‍’ ക്രാഡോക്ക് സെന്‍ റേഡിയോയോട് പറഞ്ഞു.
ഖവാജയുടെയും ലിയോണിന്റെയും കാര്യത്തില്‍ വ്യത്യസ്ത സമീപനം സ്വീകരിച്ചത് ടീമിന്റെ ഐക്യത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ടീമിനുള്ളിലെ ഇത്തരം പ്രശ്‌നങ്ങള്‍ കളിക്കാരുടെ പ്രകടനത്തെയും ബാധിച്ചേക്കാം.
Article Summary
The Australian cricket team is facing criticism for alleged double standards after Usman Khawaja's absence from a crucial match and Nathan Lyon's withdrawal from Sheffield Shield games. Khawaja's decision to attend a Formula One race while citing a minor injury drew criticism, while Lyon's "workload" excuse was met with less scrutiny, leading to accusations of inconsistency within the team's approach.
Author: Fahad Abdul Khader
A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.