ഇരട്ട സെഞ്ച്വറിയുമായി പൃഥ്വിയുടെ ഗര്‍ജനം, വെടിക്കെട്ടുമായി സൂര്യ, ഏറ്റവും ഉയര്‍ന്ന സ്‌കോറുമായി മുംബൈ

വിജയ് ഹസാരെ ട്രോഫിയില്‍ അമ്പരപ്പിക്കുന്ന ബാറ്റിംഗ് പ്രകടനവുമായി പൃഥ്വി ഷാ. പുതുച്ചേരിയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈയ്ക്കായി ഇരട്ട സെഞ്ച്വറിയാണ് ഈ യുവതാരം നേടിയെടുത്തത്. ഓപ്പണറായി ഇറങ്ങി 50 ഓവറും ബാറ്റ് ചെയ്ത പൃഥ്വി ഷാ 152 പന്തില്‍ 31 ബൗണ്ടറിയും അഞ്ച് സിക്‌സും സഹിതം 227 റണ്‍സ് സ്വന്തമാക്കി.

പൃഥിഷായ്ക്ക് പുറമെ മുംബൈയ്ക്കായി സൂര്യകുമാര്‍ യാദവും സെഞ്ച്വറി നേടി. കേവലം 58 പന്തില്‍ 22 ഫോറഉം നാല് സിക്‌സും അടക്കം 133 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ അതിവേഗത്തില്‍ 100 കണ്ടെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി.

ഇരുവരുടേയും മികവില്‍ മുംബൈ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 457 റണ്‍സാണ് സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പര്‍ ആഥിത്യ താരം 56 റണ്‍സെടുത്തു.

വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് മുംബൈ കണ്ടെത്തിയത്. പൃഥ്വി ഷായുടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ആദ്യ ഇരട്ട ശതകമാണ് ഇത്. 50 ഓവര്‍ ക്രിക്കറ്റില്‍ ഇരട്ട ശതകത്തിലേക്ക് എത്തുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമായി പൃഥ്വി. മുംബൈയിലെ പൃഥ്വിയുടെ സഹതാരമായ യശസ്വിയാണ് അവസാനമായി ഇരട്ട ശതകത്തിലേക്ക് എത്തിയ ഇന്ത്യന്‍ താരം. 2019 വിജയ് ഹസാരെ ട്രോഫിയില്‍ യശസ്വി ജാര്‍ഖണ്ഡിനെതിരെ 203 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോറാണ് പൃഥ്വി കണ്ടെത്തിയത്. കഴിഞ്ഞ കളിയില്‍ ഡല്‍ഹിക്കെതിരേയും പൃഥ്വി സെഞ്ചുറി നേടിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഫോം നഷ്ടപ്പെട്ടതോടെ ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു പൃഥ്വി. ഐപിഎല്‍ സീസണിലും മികവ് കണ്ടെത്താന്‍ പൃഥ്വിക്കായിരുന്നില്ല.

മത്സരത്തില്‍ പുതിച്ചേരിയുടെ പ്രതിരോധം 224 റണ്‍സിന് അവസാനിച്ചു. ഇതോടെ 233 റണ്‍സിന്റെ കൂറ്റന്‍ ജയം നേടാനും മുംബൈയ്ക്കായി.

You Might Also Like