ഡല്‍ഹിയ്ക്ക് വീണ്ടും കനത്ത തിരിച്ചടി, മറ്റൊരു സൂപ്പര്‍ താരത്തിന് കൂടി കോവിഡ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ ഒരുങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ തേടി കനത്ത തിരിച്ചടി. ടീമിന്റെ ബൗളിങ് കുന്തമുനയായ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ആന്റിച് നോര്‍ജെക്ക്? കോവിഡ് സ്ഥിരീകരിച്ചു.

ആദ്യ പരിശോധനയില്‍ നെഗറ്റീവായ താരം രണ്ടാം പരിശോധനയിലാണ് പോസിറ്റീവായത്. ഇതോടെ 10 ദിവസം കൂടി നോര്‍ജെ ഐസൊലേഷനിലിരിക്കണം. രണ്ട് കോവിഡ് ഫലങ്ങള്‍ നെഗറ്റീവാകുകയും വേണം. എപ്പോഴാണ് നോര്‍ജെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് എന്ന് വ്യക്തമല്ല.

കഴിഞ്ഞയാഴ്ചയാണ് നോര്‍ജെ ദക്ഷിണാഫ്രിക്കയില്‍നിന്നെത്തി ടീമിനൊപ്പം ചേര്‍ന്നത്. നേരത്തെ മറ്റൊരു ഡല്‍ഹി താരം അക്‌സര്‍ പേട്ടലിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അക്‌സറിനെ കൂടാതെ ഐപിഎല്‍ താരങ്ങളായ നിതീഷ് റാണ, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു.

നോര്‍ജെയ്ക്ക് കോവിഡ് പോസിറ്റീവായതോടെ റബാഡയേക്ക് ടീമിനൊപ്പം ചേരാനും തടസമാവുന്നു. സൗത്ത് ആഫ്രിക്കയില്‍ നിന്ന് വിമാനത്തില്‍ ഒരുമിച്ചാണ് ഇരുവരും ഇന്ത്യയിലേക്ക് വന്നത്. രണ്ട് പേസര്‍മാരേയും ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വരുന്നത് ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടിയാണ്.

നിലവില്‍ ഒരു മത്സരം കളിച്ച് കഴിഞ്ഞ ഡല്‍ഹി എട്ട് വിക്കറ്റിന്റെ ജയവും സ്വന്തമാക്കിയിരുന്നു. കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയാണ് ഡല്‍ഹി ആദ്യ മത്സരത്തില്‍ തോല്‍പിച്ചത്. ഡല്‍ഹിയ്ക്കായി പൃഥ്വി ഷായും ശിഖര്‍ ധവാനും അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

You Might Also Like