കടുത്ത മെസി ആരാധകൻ, ഫുട്ബോൾ ലോകത്ത് കോളിളക്കം സൃഷ്ടിച്ച് ഡോർട്മുണ്ടിന്റെ പതിനാറുകാരന്റെ അരങ്ങേറ്റം

നിരവധി യുവപ്രതിഭകളെ ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്ന ക്ലബ്ബാണ് ബുണ്ടസ് ലിഗയിലെ ബൊറൂസിയ ഡോർട്മുണ്ട്. ഉസ്മാൻ ഡെമ്പെലെയും ഇപ്പോൾ എർലിംഗ് ഹാലണ്ടും മുൻനിരയിലേക്കെത്തി നിൽകുമ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചയാവുന്നത് മറ്റൊരു കൗമാരതാരത്തിന്റെ അവതാരമാണ്. വെറും പതിനാറു വയസു മാത്രമുള്ള യൂസുഫ മൗകോക്കോയുടെ അരങ്ങേറ്റമാണ് ഫുട്ബോൾ ലോകത്ത് ചർച്ചയായിരിക്കുന്നത്.

ഡോർട്മുണ്ടിന്റെ യൂത്ത് ടീമിനായി ഇതിനകം തന്നെ 88 മത്സരങ്ങളിൽ നിന്നായി 141 ഗോളുകൾ അടിച്ചു കൂട്ടി ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് ഈ കൗമാര പ്രതിഭ ബുണ്ടസ് ലിഗയിലേക്ക് കാലെടുത്തു വെച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഹെർത്ത ബെർലിനുമായുള്ള മത്സരത്തിൽ എർലിംഗ് ഹാളണ്ടിനു പകരക്കാരനായി ഈ പതിനാറുകാരൻ ഇറങ്ങുമ്പോൾ പുതിയ ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്.

ബുണ്ടസ്‌ലിഗയിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ(16 വയസും ഒരു ദിവസവും) താരമെന്ന ബഹുമതി ഇനി മൗകോക്കോക്കു സ്വന്തം. ഇന്നു നടക്കാനിരിക്കുന്ന ക്ലബ്ബ് ബ്രഗ്ഗെക്കെതിരായുള്ള ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചാലും മറ്റൊരു റെക്കോർഡ് കൂടി തകർക്കപ്പെടും. പതിനാറു വയസും 87 ദിവസവും പ്രായമുള്ള ആണ്ടർലെറ്റിന്റെ സെലസ്റ്റിൻ ബാബയറോയുടെ റെക്കോർഡാണ് പഴങ്കഥയാവുക.

സൂപ്പർതാരം ലയണൽ മെസിയുടെ കടുത്ത ആരാധകനായ മൗകോക്കോക്ക് തന്റെ പിറന്നാളിന് ലയണൽ മെസി തന്നെ പിറന്നാൾ സമ്മാനവും അയച്ചു കൊടുത്തിരുന്നു. അടുത്തിടെ ഒരു കൗമാര താരത്തിനു ലഭിച്ചേക്കാവുന്ന വലിയ തുകയായ 9 മില്യൺ യൂറോയുടെ നൈക്കിയുടെ പത്തുവർഷത്തേക്കുള്ള കരാറിലും ഒപ്പു വെച്ചുവെങ്കിൽ താരത്തിന്റെ പ്രതിഭ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഈ സമയം കൊണ്ടു തന്നെ ഒരുപാട് വമ്പന്മാർ കഴുകൻ കണ്ണുകളുമായി താരത്തിനു പിന്നാലെയുണ്ട്.

You Might Also Like