അഞ്ചു വർഷത്തെ കരാറിൽ അത്ഭുതതാരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ

ബൊറൂസിയ ഡോർട്മുണ്ടിന്റെ മിന്നും താരമായ ജാഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു ചേക്കേറാൻ സമ്മതമറിയിച്ചതായി റിപ്പോർട്ടുകൾ. അഞ്ചു വർഷത്തെ കരാറിലായിരിക്കും ഇരുപതുകാരനായ ഇംഗ്ലീഷ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുകയെന്ന് ട്രാൻസ്ഫർ വിൻഡോ പോഡ്കാസ്റ്റാണു റിപ്പോർട്ടു ചെയ്തത്.

സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ചെൽസിയുടെയും ഒരു പ്രധാന ട്രാൻസ്ഫർ ലക്ഷ്യമായിരുന്നു. താരത്തെക്കൂടി സ്വന്തമാക്കുന്നതോടെ അടുത്ത സീസണിലെ പ്രീമിയർ ലീഗ് കിരീടത്തിന് അതിശക്തമായ ഒരു ആക്രമണനിരയെ തന്നെയായിരിക്കും യുണൈറ്റഡ് അണിനിരത്തുക.

സാഞ്ചോ സമ്മതം മൂളിയെങ്കിലും ഇരു ക്ലബുകളും തമ്മിൽ ട്രാൻസ്ഫർ ഫീസിന്റെ കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. നൂറു ദശലക്ഷം യൂറോയാണ് താരത്തിനായി ഡോർട്മുണ്ട് ആവശ്യപ്പെടുന്നതെങ്കിലും കൊറോണ പ്രതിസന്ധികൾക്കിടയിൽ ഇത്രയും തുക മുടക്കാൻ യുണൈറ്റഡിനു കഴിഞ്ഞേക്കില്ല.

മാഞ്ചസ്റ്റർ സിറ്റി താരമായിരുന്ന സാഞ്ചോ രണ്ടു സീസണുകൾക്കു മുൻപാണ് ഡോർട്മുണ്ടിലെത്തുന്നത്. ഈ സീസണിൽ 32 ലീഗ് മത്സരങ്ങൾ കളിച്ച താരം പതിനേഴു ഗോളും പതിനേഴ് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

You Might Also Like