റയലിന്റെ ബ്രസീലിയൻ സൂപ്പർ താരത്തിനു പിന്നാലെ ഡോർട്മുണ്ട്, ഉടൻ കരാറിലെത്തിയേക്കും

Image 3
FeaturedFootball

റയൽ മാഡ്രിഡിന്റെ യുവ ബ്രസീലിയൻ താരം റെനിയർ ജീസസ് ഈ ട്രാൻസ്ഫർ ജാലകത്തിൽ റയൽ വിട്ടേക്കും. ജർമ്മൻ വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ടിലേക്കാണ് താരം ചേക്കേറുക. റയലും ബൊറൂസിയയും ലോണടിസ്ഥാനത്തിലാണ് താരത്തിനെ കൈമാറുന്നത്.

ഉടൻ തന്നെ കരാറിനെ പറ്റിയുള്ള സ്ഥിരീകരണമുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെറും പതിനെട്ടു വയസുമാത്രമുള്ള താരം രണ്ട് വർഷത്തെ ലോണിൽ പോവാനാണ് സാധ്യതകൾ. ഇതിനു മുൻപ് റയൽ താരം അഷ്‌റഫ്‌ ഹാക്കിമി രണ്ട് വർഷം ലോണിൽ ബൊറൂസിയയിൽ കളിച്ചിരുന്നു.

എന്നാൽ ഈ സീസണിൽ ട്രാൻസ്ഫർ ജാലകത്തിൽ ഇന്റർമിലാനിലേക്ക് സ്ഥിരമായി കൂടുമാറുകയായിരുന്നു. നിലവിൽ റയൽ മാഡ്രിഡും ഡോർട്മുണ്ടും താരങ്ങളെ വിട്ടു നല്കുന്നതിൽ നല്ല ബന്ധമാണ് പുലർത്തുന്നതെന്നത് കാര്യങ്ങൾ എളുപ്പമാക്കിയേക്കും.യുവതാരങ്ങൾക്ക് ഏറ്റവും കൂടുതൽ അവസരം നൽകുന്ന ക്ലബാണ് ബൊറൂസിയ. കഴിഞ്ഞ തവണ ഹാക്കിമിക്ക് അവസരങ്ങൾ ലഭിക്കുകയും മുതെലെടുക്കുകയും ചെയ്തിരുന്നു. അത്പോലെ റെയ്നീറിനും ലഭിക്കുമെന്നാണ് റയൽ പ്രതീക്ഷിക്കുന്നത്.

ചാമ്പ്യൻസ് ലീഗിൽ കൂടി താരത്തിന് അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് റയൽ മാഡ്രിഡുള്ളത്. ബയേർ ലെവർകൂസൻ, റയൽ വല്ലഡോലിഡ്, റയൽ സോസിഡാഡ് എന്നിവരെ പിന്തള്ളിയാണ് ബൊറൂസിയ റെനിയറിനെ സ്വന്തമാക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ജനുവരിയിൽ 30 മില്യൺ യൂറോ ചിലവാക്കിയാണ് ബ്രസീലിയൻ ക്ലബ്ബായ ഫ്ലെമെങ്കോയിൽ നിന്നും താരത്തെ റയലിൽ എത്തിക്കുന്നത്.