സ്മിത്ത് ഐപിഎല്‍ ഉപേക്ഷിച്ചേക്കുമെന്ന് ക്ലര്‍ക്ക്, കാരണമിതാണ്

2.2 കോടി രൂപയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് തന്റെ ഭാര്യയെ വിട്ട് ഐ.പി.എല്ലിന് വരുമെന്ന് കരുതുന്നില്ലെന്ന് ഓസീസ് മുന്‍ നായകന്‍ മൈക്കല്‍ ക്ലര്‍ക്ക്. സ്മിത്തിന് ലഭിച്ച തുക തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഈ തുകയ്ക്ക് സ്മിത്ത് കളിക്കാന്‍ വരുമോ എന്നറിയാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ക്ലര്‍ക്ക് പറഞ്ഞു.

‘ടി20യില്‍ സ്മിത്തിന് കഴിഞ്ഞ നാളുകളില്‍ മികവ് കാണിക്കാന്‍ സാധിച്ചിട്ടുണ്ടാവില്ല. എങ്കിലും ഇവിടെ സ്മിത്തിന് ലഭിച്ച തുക എന്നെ അത്ഭുതപ്പെടുത്തുന്നു. ലോകത്തിലെ ബെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് സ്മിത്ത്. കോഹ് ലി ഒന്നാം സ്ഥാനത്ത്. സ്മിത്ത് ടോപ് 3ല്‍ ഉണ്ട്.’ ക്ലര്‍ക്ക് പറഞ്ഞു.

‘എട്ട് ആഴ്ചത്തെ ടൂര്‍ണമെന്റ്. ക്വാറന്റൈന്‍ എല്ലാം കൂടി നോക്കുമ്പോള്‍ 11 ആഴ്ച എന്ന് കണക്കാക്കു. ഈ 11 ആഴ്ച 2.2 കോടി രൂപയ്ക്ക് വേണ്ടിയാണ് സ്മിത്ത് കുടുംബത്തേയും ഭാര്യയേയും വിട്ട് വരുന്നത്. സ്മിത്ത് കളിക്കാന്‍ വരുമോ എന്നറിയാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്’ ക്ലര്‍ക്ക് പറഞ്ഞു.

പുതിയ സീസണിന് മുമ്പായി രാജസ്ഥാന്‍ കൈവിട്ട സ്മിത്തിനെ 2.2 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് ഡല്‍ഹിയുടെ മുഖ്യ പരിശീലകനായിരിക്കെ ടീമിലേക്കുള്ള സ്മിത്തിന്റെ വരവ് വെറുതേ ആയിരിക്കില്ലെന്നാണ് വിലയിരുത്തല്‍.

You Might Also Like