ഏഷ്യ കപ്പ് വിളിപ്പാടകലെ, നടിയുമായി യുദ്ധം കനപ്പിച്ച് റിഷഭ് പന്ത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തും ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയുമായുള്ള സോഷ്യല്‍ മീഡിയ പോര് തുടരുകയാണ്. ഏറ്റവും ഒടുവില്‍ ഉര്‍വശിയുടെ പരിഹാസങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് പന്ത്.

നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളുടെ പേരില്‍ വെറുതെ ടെന്‍ഷനടിക്കേണ്ട എന്നാണ് റിഷഭ് പന്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഏഷ്യകപ്പ് വിളിപ്പാടകലെ നില്‍ക്കെ നടിയുമായി വാക് പോര് നടത്തുന്ന പന്തിനെതിരെ വിമര്‍ശനവും ഒരുഭാഗത്ത് കനക്കുന്നുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഉര്‍വശി റൗട്ടേല നടത്തിയ വെളിപ്പെടുത്തലുകളോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം.

‘വാരണാസിയില്‍ ഷൂട്ടിംഗിലായിരുന്നു ഞാന്‍. 10 മണിക്കൂര്‍ ഷൂട്ടിംഗിന് ശേഷം ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുന്നതിന് ഒരുങ്ങാനായി ഞാന്‍ ഹോട്ടല്‍ മുറിയിലേക്ക് പോയി. പെണ്‍കുട്ടികള്‍ ഒരുങ്ങാന്‍ ഒരുപാട് സമയമെടുക്കുമെന്ന് അറിയാമല്ലോ. ഈ സമയം ‘ആര്‍പി’ എന്നെക്കാണാനായി ഹോട്ടല്‍ ലോബിയിലെത്തിയിരുന്നു. അദ്ദേഹം എന്നെക്കാണാന്‍ അവിടെ മണിക്കൂറുകളോളം കാത്തിരുന്നു. അദ്ദേഹം എന്നെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും ഞാന്‍ ക്ഷീണം കാരണം ചെറുതായൊന്ന് മയങ്ങിപ്പോയി. ഞാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ഫോണില്‍ 16, 17 മിസ്ഡ് കോളുകളുണ്ടായിരുന്നു. എനിക്കുവേണ്ടി ഒരാള്‍ ഇത്രയും നേരം കാത്തിരുന്നിട്ടും ഇത്രതവണ ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാതിരുന്നതില്‍ എനിക്ക് വിഷമം തോന്നി. മുംബൈയില്‍ വരുമ്പോള്‍ പിന്നീട് കാണാമെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു’ ഇതായിരുന്നു ഉര്‍വശി റൗട്ടേലയുടെ വെളിപ്പെടുത്തല്‍.

‘ആര്‍പി’ ആരാണ് എന്ന് ഉര്‍വശി വ്യക്തമാക്കിയില്ലെങ്കിലും റിഷഭ് പന്ത് തന്നെയാണെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. മുമ്പ് നിരവധി ഗോസിപ്പുകള്‍ പന്തുമായി ബന്ധപ്പെടുത്തി ഉര്‍വശിയുടെ പേരിനൊപ്പം ഉണ്ടായിരുന്നു. ഇതോടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പരോക്ഷ മറുപടിയുമായി പന്ത് രംഗത്തെത്തി.

‘അഭിമുഖങ്ങളില്‍ ആളുകള്‍ ഇങ്ങനെ പച്ചക്കള്ളം പറയുന്നത് കാണാന്‍ രസമാണ്. പ്രശസ്തയാവാനും തലക്കെട്ടില്‍ ഇടം നേടാനുമായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്. പ്രശസ്തിക്കുവേണ്ടിയുള്ള ചിലരുടെ ശ്രമം കാണുമ്പോള്‍ വിഷമമുണ്ടെന്നും ദൈവം അവരെ അനുഗ്രഹിക്കട്ടെ’ എന്നുമായിരുന്നു റിഷഭ് പന്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇത് വൈറലായതോടെ സ്റ്റോറി പന്ത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

പിന്നാലെ തിരിച്ചടിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ ഉര്‍വശി റൗട്ടേല രംഗത്തെത്തി. ‘ചോട്ടൂ ഭയ്യ ക്രിക്കറ്റ് കളിക്കൂ, പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല’ എന്നായിരുന്നു രക്ഷാബന്ധന്‍ ഹാഷ്ടാഗോടെ ഉര്‍വശി റൗട്ടേലയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതിന് മറുപടിയായിട്ടാണ് പന്ത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

You Might Also Like