11 പേരെ ഇറക്കാനില്ലേ,ഞാന്‍ വരട്ടെ, ടീം ഇന്ത്യയോട് സൂപ്പര്‍ താരം

Image 3
CricketTeam India

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ പരിക്കിനെ തുടര്‍ന്ന് വലയുകയാണ് ടീം ഇന്ത്യ. പ്രധാന താരങ്ങളെല്ലാം പരിക്കേറ്റ് ഇതിനോടകം നഷ്ടപ്പെട്ട ഇന്ത്യ പ്ലെയിംഗ് ഇലവനില്‍ യോഗ്യരായവരെ കണ്ടെത്താനുളള നെട്ടോട്ടത്തിലാണ്.

ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഭുംറ, ഉമേശ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ, ഹനുമ വിഹാരി, കെഎല്‍ രാഹുല്‍ ഇങ്ങനെ പോകുന്നു ഇന്ത്യന്‍ താരങ്ങളുടെ പരിക്കിന്റെ കഥ. ഇന്ത്യന്‍ ടീമില്‍ നിലവില്‍ ഉളളവര്‍ പലരും വേദന സംഹാരിയെല്ലാം കഴിച്ചാണ് ടീമില്‍ തുടരുന്നത് തന്നെ. അതിനിടെ രണ്ട് ദിവസം കൂടുമ്പോഴെത്തുന്ന കോവിഡ് പരിശോധനയും ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസിനെ പ്രതികൂലമായി ബാധിക്കുന്നു.

അതിനിടെ ഒരു തമാശ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. 11 കളിക്കാരെ ഫീല്‍ഡില്‍ ഇറക്കാന്‍ തികയുന്നില്ല എങ്കില്‍ താന്‍ കംഗാരുക്കളുടെ നാട്ടിലേക്ക് പോവാം എന്നാണ് സെവാഗ് തമാശയായി ട്വിറ്ററില്‍ കുറിച്ചത്. ക്വാറന്റൈന്‍ പ്രോട്ടോക്കോളുകള്‍ ശ്രദ്ധിക്കാമെന്നും സെവാഗ് പറയുന്നു. ആറ് ഇന്ത്യന്‍ കളിക്കാരുടെ പരിക്ക് ചൂണ്ടിക്കാണിക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് സെവാഗിന്റെ ട്വീറ്റ്.

ഏതായാലും ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി തമാശ നിറഞ്ഞ പ്രതികരണങ്ങളാണ കമന്റായി സോഷ്യല്‍ മീഡിയയില്‍ പാറിനടക്കുന്നത്.

നിലവില്‍ പരമ്പര 1-1ന് ഇന്ത്യയും ഓസ്‌ട്രേലിയയും സമനിലയിലാണ്. ഗാബയില്‍ നടക്കുന്ന അവസാന ടെ്സ്റ്റ് അതിനാല്‍ തന്നെ ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. ഗാബയില്‍ ഓസ്‌ട്രേലിയ അല്ലാതെ ആരും ജയിച്ചിട്ടില്ലെന്ന ചരിത്രം പരിക്കില്‍ വലയുന്ന ഇന്ത്യയ്ക്ക് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.