ടീം ഇന്ത്യ കളിയ്ക്കുന്നത് യാഥാസ്ഥിതിക ക്രിക്കറ്റല്ല, ആരാധകരും മാറണം, ആഞ്ഞടിച്ച് രോഹിത്ത്

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശൈലി വളരെ യാഥാസ്ഥിതികവും പഴക്കമേറിയതുമാണെന്ന ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി രോഹിത്ത് ശര്‍മ്മ. ഇന്ത്യ 2021ലെ ടി20 ലോകകപ്പില്‍ പരമ്പരാകത ശൈലി പിന്തുണടര്‍ന്നതാണ് തിരിച്ചടിയായതെന്ന ആരോപണങ്ങള്‍ക്കാണ് രോഹിത്ത് മറുപടിയായി എത്തിയത്.

വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രോഹിത്ത് ശര്‍മ്മ.

‘ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഉദ്ദേശിച്ച ഫലം കിട്ടിയില്ല എന്നത് ശരിയാണ്. എന്നാല്‍ ഞങ്ങള്‍ മോശം കളിയാണു പുറത്തെടുത്തതെന്നല്ല അതിന്റെ അര്‍ഥം. യാഥാസ്ഥിതിക ക്രിക്കറ്റാണു ടീം കളിക്കുന്നതെന്ന വാദത്തോടു ഒരിക്കലും യോജിപ്പില്ല. ലോകകപ്പില്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ തോറ്റുപോയാല്‍ അവസരങ്ങള്‍ ഉപയോഗിച്ചില്ലെന്നാണ് അതിന് അര്‍ഥം’ രോഹിത് ശര്‍മ പറഞ്ഞു.

‘ലോകകപ്പിന് മുന്‍പ് ഇന്ത്യ കളിച്ച മത്സരങ്ങള്‍ നിങ്ങള്‍ നോക്കുക. 80 ശതമാനം മത്സരങ്ങളിലും ഇന്ത്യയാണു ജയിച്ചത്. യാഥാസ്ഥിതിക ക്രിക്കറ്റാണു കളിക്കുന്നതെങ്കില്‍ എങ്ങനെയാണ് ഇത്രയും മത്സരങ്ങള്‍ ജയിക്കാന്‍ സാധിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഞങ്ങള്‍ ലോകകപ്പില്‍ തോറ്റു, അങ്ങനെയും സംഭവിക്കാം. വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യാനാണ് ഇന്ത്യന്‍ ടീം ശ്രമിക്കുന്നത്. തെറ്റുകള്‍ അപ്പോള്‍ സംഭവിക്കാനിടയുണ്ട്’ രോഹിത് ശര്‍മ പ്രതികരിച്ചു.

ആരാധകരോട് ക്രിക്കറ്റ് പ്രേമികളോടും ചില ഉപദേശങ്ങള്‍ കൈമാറാനും രോഹിത്ത് മറന്നില്ല.

‘ടീമിനു പുറത്തുള്ളവര്‍ സമാധാനത്തോടെ ഇരിക്കുകയാണു വേണ്ടത്. ക്രിക്കറ്റില്‍ തോല്‍വികളുണ്ടാകാം. ഫലങ്ങള്‍ എപ്പോഴും നമ്മള്‍ ഉദ്ദേശിച്ച രീതിയില്‍ വരണമെന്നില്ല. എന്നാല്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്, അതു മതിയാകും. പിഴവുകള്‍ സംഭവിക്കുന്നതിനാല്‍ താരങ്ങള്‍ മോശക്കാരാണെന്ന് അതിന് അര്‍ഥമില്ല. ടീം മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പുറത്തുള്ളവരും അതനുസരിച്ചു മാറണം’ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടു.