ഈ സീസണ്‍ ധോണിയുടെ അവസാന ഐപിഎല്ലോ? അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചെന്നൈ സിഇഒ

Image 3
CricketIPL

ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ചതോടെ 41കാരനായ മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന ഐപിഎല്ലാണ് ഈ സീസണിലേതെന്നാണ് ക്രിക്കറ്റ് ലോകം പൊതുവെ വിലയിരുത്തുന്നത്. അവസാന ഐപിഎല്ലില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രകടനവും അദ്ദേഹത്തിന്റെ സ്വന്തം ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രകടനവും എങ്ങനെയായിരിക്കും എന്ന് ഉറ്റ് നോക്കുകയാണ് ക്രിക്കറ്റ് ലോകം.

അതിനിടെ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സിഇഒ കാശി വിശ്വനാഥന്‍. ധോണിയുടെ അവസാനത്തെ ഐപിഎല്‍ സീസണായിരിക്കും ഇതെന്നു താന്‍ കരുതുന്നില്ലെന്നും ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

ധോണിക്കു പകരം ആരു നായകസ്ഥാനത്തേക്കു വരുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ തങ്ങള്‍ ചിന്തിക്കുന്നില്ലെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

കഴിഞ്ഞ സീസണിനു തൊട്ടുമുമ്പ് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്നയുമായുള്ള ബന്ധത്തില്‍ ഇതിന്റെ പേരില്‍ വിള്ളലുണ്ടായിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. റെയ്ന അന്നു ടീം വിട്ടതിന്റെ പേരില്‍ അദ്ദേഹവും സിഎസ്‌കെയും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ല. ഒരു കുടുംബം പോലെയാണ് സിഎസ്‌കെയെന്നും വിശ്വനാഥന്‍ അറിയിച്ചു.

ഐപിഎല്ലിനു മുമ്പ് കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടില്ലെന്നത് റെയ്നയുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ചോദ്യത്തിനു ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ റെയ്ന കളിച്ചിരുന്നു. അതിനു ശേഷം പരിശീലനം നടത്തി വരികയായിരുന്നു അദ്ദേഹം. 50 ഓവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിമല്ലാതിരുന്നതിനാലാണ് വിജയ് ഹസാരെ ട്രോഫിയില്‍ റെയ്ന കളിക്കാതിരുന്നത്. കഴിഞ്ഞ 10 ദിവസത്തോളമായി അദ്ദേഹം ഞങ്ങളോടൊപ്പം പരിശീലനം നടത്തുന്നുണ്ട്. സീസണില്‍ നന്നായി പെര്‍ഫോം ചെയ്യണമെന്ന് റെയ്ന അതിയായി ആഗ്രഹിക്കുന്നുവെന്നും വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.