ഇനി ഗെയ്ക്കുവാദിനെ കളിപ്പിക്കേണ്ട, പകരം എന്ത് ചെയ്യണമെന്ന് നിര്‍ദേശിച്ച് ഇന്ത്യന്‍ താരം

Image 3
CricketTeam India

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സൂപ്പര്‍ താരമായ റുതുരാജ് ഗെയ്ക്കുവാദിന് പക്ഷെ ഇന്ത്യന്‍ ടീമില്‍ കാര്യമായ അവസരങ്ങളൊന്നും ലഭിക്കാറില്ല. ഏറെ നാളായി ഇന്ത്യന്‍ ടീമിനൊപ്പമുളള താരത്തി ഇന്ത്യന്‍ ഡഗൗട്ടിലാണ് സ്ഥാനം. വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പരയിലെങ്കിലും ടീമില്‍ ഇടമുണ്ടാകുമെന്ന് പ്രതീക്ഷിച്ച ഗെയ്ക്കുവാദിനെ ആദ്യ രണ്ട് മത്സരത്തിലും പരിഗണിച്ചില്ല. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷനാണ് രണ്ട് മത്സരത്തിലും അവസരം ലഭിച്ചത്.

മൂന്നാം മത്സരത്തില്‍ ഇന്ത്യ റുതുരാജിനെ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിരാട് കോഹ്ലിയും റിഷഭ് പന്തും മൂന്നാം മത്സരത്തില്‍ കളിക്കുന്നില്ലെന്നുറപ്പായതിനാല്‍ റുതുരാജിനെ ഇന്ത്യ പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നത്.

ഇപ്പോഴിതാ ഇന്ത്യ മൂന്നാം മത്സരത്തിലേക്ക് മാത്രമായി ഗെയ്ക്കുവാദിനെ കളിപ്പിക്കേണ്ടെന്ന് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. ഒരു മത്സരത്തില്‍ മാത്രമായി റുതുരാജിനെ കളിപ്പിക്കേണ്ടെന്നും ശ്രീലങ്കന്‍ പരമ്പരയില്‍ മുഴുവന്‍ മത്സരങ്ങളിലും കളിപ്പിച്ചാല്‍ മതിയെന്നാണ് വസിം ജാഫര്‍ അഭിപ്രായപ്പെടുന്നത്.

‘ഇഷാന്‍ കിഷന് ഇന്ത്യ ഒരു മത്സരത്തില്‍ക്കൂടി അവസരം നല്‍കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ മൂന്നാം മത്സരത്തില്‍ ഇഷാന്‍ കളിക്കണം. എന്നാല്‍ ശ്രീലങ്കന്‍ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും റുതുരാജിന് അവസരം നല്‍കുന്നതിനെപ്പറ്റി കാര്യമായി ആലോചിക്കേണ്ടതായുണ്ട്. ഒരു മത്സരത്തില്‍ മാത്രം അവന് അവസരം നല്‍കുന്നതില്‍ യാതൊരു കാര്യവുമില്ല. താരങ്ങള്‍ക്ക് തുടര്‍ച്ചയെന്നത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ അവന് ശ്രീലങ്കന്‍ പരമ്പരയില്‍ മുഴുവന്‍ മത്സരങ്ങളിലും അവസരം നല്‍കേണ്ടതാണ്’ വസിം ജാഫര്‍ പറഞ്ഞു.

ഐപിഎല്ലിന്റെ അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയാണ് റുതുരാജ് ഗെയ്ക് വാദ്. ഇതിന് ശേഷം നടന്ന ആഭ്യന്തര ക്രിക്കറ്റിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യ ഇതുവരെ പ്ലേയിങ് 11ല്‍ താരത്തില്‍ വിശ്വാസം അര്‍പ്പിച്ചിട്ടില്ല. ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം ഇഷാന്‍ കിഷനാണ് ഇന്ത്യ അവസരം നല്‍കിയത്. മൂന്നാം മത്സരത്തില്‍ മാത്രമായി റുതുരാജിനെ പരിഗണിക്കരുതെന്നാണ് ജാഫര്‍ പറയുന്നത്.