രാഹുലിനെ ടീം ഇന്ത്യയ്ക്ക് ആവശ്യമുണ്ടോ?, മുനകൂര്‍ത്ത ചോദ്യവുമായി കിവീസ് താരം

വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം സൂര്യകുമാര്‍ യാദവ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യ്ത് മാറ്റ് തെളിയിച്ചതോടെ ടീമില്‍ കെഎല്‍ രാഹുലിന്റെ പ്രസക്തി ചോദ്യം ചെയ്ത് മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേറ്ററുമായ സ്‌കോട്ട് സ്‌റ്റൈറിസ്. ഇന്ത്യന്‍ ടീമില്‍ രാഹുലിനെ ഇനി ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതുണ്ടോ എന്നാണ് സ്‌റ്റൈറിസ് ചോദിക്കുന്നത്.

രാഹുലിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ ഓപ്പണറായി തിളങ്ങി, റിഷഭ് പന്ത് തിളങ്ങി, അതുകൊണ്ടു തന്നെ സെലക്ടര്‍മാര്‍ നേരിടുന്ന പ്രതിസന്ധി ഇനി രാഹുലിനെ വേണോ എന്നതാണ്. തിരിച്ചുവരുമ്പോള്‍ രാഹുലിന് പഴയ ഫോം തിരിച്ചുപിടിക്കാന്‍ കഴിയുമോ, കാരണം ഒരുപാട് നാളായി അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. ഈ ഒഴിവില്‍ നിരവധി കളിക്കാരെ ഇന്ത്യ പരീക്ഷിക്കുകയും ചെയ്തു’ സ്‌റ്റൈറിസ് ചോദിക്കുന്നു.

യുവതാരങ്ങള്‍ മികച്ച പ്രകടനം നടത്തുകയും ടീമില്‍ തുടരാനായി ഏത് പൊസിഷനിലും കളിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും തയാറാവുമ്പോള്‍ സീനിയര്‍ താരങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുമെന്നും സ്‌റ്റൈറി പറഞ്ഞു.

ടീമിലെത്തുന്ന ആരും പുറത്തുപോകാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ അവര്‍ മറ്റ് കളിക്കാര്‍ക്ക് അവസരം നല്‍കാനും ആഗ്രഹിക്കുന്നില്ല. ഇത് പ്രതിഭാധാരാളിത്തമുള്ള ഇന്ത്യന്‍ ടീമിലെ ആരോഗ്യകരമായ അന്തരീക്ഷമാണെന്നും സ്‌റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ വിന്‍ഡീസിനെതിരെ ടി20 പരമ്പര കളിയ്ക്കുകയാണ് ടീം ഇന്ത്യ. 2-1ന് ഇന്ത്യ പരമ്പരയില്‍ ഇപ്പോള്‍ മുന്നിലാണ്. അതിന് ശേഷം ഇന്ത്യയ്ക്ക് ഏഷ്യ കപ്പാണ് പ്രധാന ടൂര്‍ണമെന്റ്.

You Might Also Like