എല്ലാവരും കാലുവാരി, സിംബാബ് വെയ്‌ക്കെതിരെ പരമ്പര തോല്‍വിയില്‍ ബംഗ്ലാദേശ് ടീമില്‍ കലാപം

Image 3
CricketTeam India

സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പര നഷ്ടപ്പെടുത്തിയ ബംഗ്ലാദേശ് ടീമിനെതിരെ രോഷം അണപൊട്ടുന്നു. ബംഗ്ലാദേശ്
ടീമംഗങ്ങള്‍ക്കെതിരെ ടീം ഡയറക്ടര്‍ ഖാലിദ് മഹ്മൂദ് അടക്കം രംഗത്ത് വന്നു. ബംഗ്ലാദേശ് ആരാധകര്‍ ഈ തോല്‍വിയുടെ പേരില്‍ വലിയ വിമര്‍ശനം അഴിച്ച് വിടുന്നതിനിടേയാണ് ടീം ഡയറക്ടര്‍ തന്നെ ടീമിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

മൂന്നാം ടി20 മത്സരത്തില്‍ ബംഗ്ലാദേശിനെ 10 റണ്‍സിന് തോല്‍പ്പിച്ചാണ് സിംബാബ്വെ പരമ്പര 2-1ന് സ്വന്തമാക്കിയത്. ഏഷ്യന്‍ ടീമിനെതിരായ ചരിത്രത്തിലെ തന്നെ ആദ്യ ടി20 പരമ്പര വിജയമാണ് സിംബാബ്വെ നേടിയത്.

‘ഞാന്‍ വളരെ നിരാശനാണ്, സിംബാബ്വെയോടെല്ലാം തോല്‍ക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല. അവരേക്കാള്‍ എത്രയോ മികച്ച ടീമാണ് ഞങ്ങള്‍. ഇത് ശരിയ്ക്കും അപമാനം തന്നെയാണ്. ന്യായീകരിക്കാനോ, ഒഴിവ് കഴിവ് പറയാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. ടി20 പരമ്പര നമുക്ക് ജയിക്കണമായിരുന്നു. തോല്‍വി തികച്ചും അസാധാരണമായിരുന്നു’ മഹമൂദ് തുറന്നടിച്ചു.

‘ഞങ്ങള്‍ക്ക് ഒരു ഓവറില്‍ 10 അല്ലെങ്കില്‍ 12 റണ്‍സ് ആവശ്യമുള്ളപ്പോള്‍, ഞങ്ങള്‍ക്ക് ഓരോ ഓവറിലും ആറും ഏഴും റണ്‍സാണ് നേടിയത്. എന്തായിരുന്നു അത്? തങ്ങളുടെ സ്ഥാനം സംരക്ഷിക്കാന്‍ ഓരോരുത്തരും ശ്രമിക്കുന്നതായി തോന്നി. അവര്‍ക്ക് സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മാത്രമുളള ശ്രമമായിരുന്നു അത്’ മഹമ്മൂദ് പറഞ്ഞു.

‘നിങ്ങള്‍ 157 റണ്‍സ് പിന്തുടരുമ്പോള്‍, 90 അല്ലെങ്കില്‍ 110 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് നിങ്ങള്‍ക്ക് ഒരു കളി ജയിക്കാനാവില്ല. ഓരോ താരങ്ങളുടേയും സ്ട്രൈക്ക് റേറ്റ് നോക്കൂ. അവര്‍ കളിയുടെ മുഖച്ഛായ തന്നെ മാറ്റി. ലിറ്റണ്‍ ദാസ് എല്ലാ ദിവസവും സ്‌കോര്‍ ചെയ്യുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാനാവില്ല’ മഹമ്മദൂദ് പറഞ്ഞ് നിര്‍ത്തി.