ഇഷാന്റെ കൊടുങ്കാറ്റ് കാണാനായില്ല, ബിസിസിഐയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ആരാധകര്‍

Image 3
CricketCricket News

ദുലീപ് ട്രോഫിയുടെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ വ്യാഴാഴ്ച ആരംഭിച്ചു. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി ടീമുകള്‍ തമ്മിലാണ് മത്സരം. ബംഗളൂരുവില്‍ നടന്ന ആദ്യ റൗണ്ടില്‍ ഇന്ത്യ ബി, ഇന്ത്യ എയെയും ഇന്ത്യ സി, ഇന്ത്യ ഡിയെയും പരാജയപ്പെടുത്തിയിരുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനായി തിരഞ്ഞെടുക്കപ്പെട്ട ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ തുടങ്ങിയ മിക്ക കളിക്കാരെയും രണ്ടാം റൗണ്ട് മത്സരങ്ങളില്‍ നിന്ന് വിശ്രമം അനുവദിച്ചു.

രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്കുള്ള ടീമുകളെ പ്രഖ്യാപിച്ച ബിസിസിഐയുടെ പ്രസ്താവനയില്‍ തുടക്കത്തില്‍ ഇഷാന്‍ കിഷന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, വ്യാഴാഴ്ച ഇന്ത്യ സിക്കുവേണ്ടി നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ കിഷന്‍ 126 പന്തില്‍ 14 ഫോറുകളും മൂന്ന് സിക്‌സറുകളും സഹിതം 111 റണ്‍സ് നേടി തിളങ്ങി.

എന്നാല്‍, ഈ മത്സരം ബിസിസിഐ ടെലിവിഷനിലോ ഓണ്‍ലൈനിലോ സംപ്രേഷണം ചെയ്തില്ല എന്നതാണ് ആരാധകരെ നിരാശരാക്കിയത്. ഇന്ത്യ എ, ഇന്ത്യ ഡി മത്സരത്തിന് മാത്രമാണ് മാധ്യമ കവറേജ് ഉണ്ടായിരുന്നത്. തല്‍ഫലമായി, കിഷന്റെ തകര്‍പ്പന്‍ പ്രകടനം കാണാന്‍ ആരാധകര്‍ക്ക് അവസരം ലഭിച്ചില്ല. ബിസിസിഐയുടെ ഈ നടപടിക്കെതിരെ ആരാധകര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

പരിക്കുമൂലം ആദ്യ റൗണ്ട് മത്സരത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന കിഷന്‍, തുടക്കത്തില്‍ ഇന്ത്യ ഡി ടീമിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്. പിന്നീട് സഞ്ജു സാംസണ്‍ കിഷന് പകരക്കാരനായി ടീമിലെത്തി.

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ പകുതിയില്‍ തിരിച്ചുപോന്നതിനെത്തുടര്‍ന്ന് കിഷന്‍ വിവാദത്തിലായിരുന്നു. അതിനുശേഷം ദേശീയ ടീമില്‍ ഇടം നേടാന്‍ കിഷന് സാധിച്ചിട്ടില്ല.

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ മടി കാണിക്കുന്നതാണ് കിഷനെ അവഗണിക്കാന്‍ കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ദുലീപ് ട്രോഫിയുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കായി അദ്ദേഹത്തെ തിരഞ്ഞെടുത്തത് ഒരു പോസിറ്റീവ് ചുവടുവയ്പായി കണക്കാക്കപ്പെട്ടു.