ടി20 ലോകകപ്പോടെ ടീം ഇന്ത്യയില്‍ തിരിച്ചെത്തും, അതും ഫിനിഷറായി, സര്‍പ്രൈസ് പ്രഖ്യാപനവുമായി ഇന്ത്യന്‍ താരം

Image 3
CricketTeam India

വരുന്ന ടി20 ലോകകപ്പോടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നാല് വര്‍ഷത്തോളം ഇനിയും കളിയ്ക്കാന്‍ തനിക്ക് കഴിയുമെന്നും കാര്‍ത്തിക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘ ഞാന്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നിടത്തോളം ക്രിക്കറ്റില്‍ തുടരും, മൂന്നോ നാലോ വര്‍ഷം കൂടെ കളിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഫിറ്റ്‌നസ് നിലനിര്‍ത്തുകയും ബാറ്റിങില്‍ മികവ് പുലര്‍ത്തുകയും ചെയ്താല്‍ വിരമിക്കാന്‍ യാതൊരു കാരണവും ഞാന്‍ കാണുന്നില്ല. ഇപ്പോള്‍ പ്രായം ഒരു ഘടകമേയല്ല, ഫിറ്റ്‌നസ് അളക്കാന്‍ ഒരുപാട് ടെസ്റ്റുകള്‍ ഇപ്പോഴുണ്ട്. ഫിറ്റ്‌നസ് ടെസ്റ്റുകളില്‍ വിജയിച്ചാല്‍ നിങ്ങള്‍ രാജ്യത്തിന് വേണ്ടി കളിക്കാന്‍ തയ്യാറാണ്. ‘ ദിനേശ് കാര്‍ത്തിക് പറഞ്ഞു.

‘ എന്റെ ലക്ഷ്യം ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നതാണ്. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നു. അതിന്റെ ഭാഗമാകാന്‍ എന്നെ കൊണ്ട് സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ലോകകപ്പിന് ശേഷം ടീമില്‍ നിന്നും പുറത്താകുന്നതിന് മുന്‍പ് ടി20 ക്രിക്കറ്റില്‍ ഞാന്‍ മികവ് പുലര്‍ത്തിയിരുന്നു, എന്നാല്‍ ലോകകപ്പിലെ മോശം പ്രകടനത്തോടെ ടി20 ടീമില്‍ നിന്നും ഞാന്‍ ഒഴിവാക്കപെട്ടു. ‘ ദിനേശ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയ്ക്ക് ഒരു ഫിനിഷറെ ആവശ്യമാണ് . ഹാര്‍ദിക് പാണ്ഡ്യയും ജഡേജയും നമുക്കുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ പൂര്‍ണമായും ഒരു മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനാകാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതൊരു പ്രത്യേക സ്ഥാനമാണെന്ന് ഞാന്‍ കരുതുന്നു. ടീമിനെ വിജയത്തിലെത്തിക്കാനും മികച്ച സ്‌കോറിലെത്തിക്കുകയും വേണം. അതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ‘ ദിനേശ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

2004 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ദിനേശ് കാര്‍ത്തിക് 2019 ഏകദിന ലോകകപ്പിലാണ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഐ പി എല്ലിലും മികച്ച ഫോം പുറത്തെടുക്കാന്‍ കഴിഞ്ഞ രണ്ട് സീസണുകളിലായി ദിനേശ് കാര്‍ത്തിക്കിന് സാധിച്ചിട്ടില്ല.

ഇന്ത്യയ്ക്ക് വേണ്ടി 26 ടെസ്റ്റ് മത്സരങ്ങളും 94 ഏകദിന മത്സരങ്ങളും 32 ടി20 മത്സരങ്ങളും ദിനേശ് കാര്‍ത്തിക് കളിച്ചിട്ടുണ്ട്.