ടീം ഇന്ത്യയില്‍ തിരിച്ചെത്തണം, ഫിനിഷിംഗ് മികവ് മൂര്‍ച്ച കൂട്ടി സീനിയര്‍ താരം

ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ പദ്ധതികള്‍ തയ്യാറാക്കി മുന്‍ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്. ഐപിഎല്ലില്‍ തിളങ്ങി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനാണ് ദിനേഷ് കാര്‍ത്തിക് ഒരുങ്ങുന്നത്. ദേശീയ ടീമിലോട്ടുള്ള തിരിച്ചുവരാന്‍ ഇപ്പോഴും സമയമുണ്ടെന്നും പരിചയസമ്പത്തിന് വലിയ പ്രാധാന്യമുണ്ടെന്നുമാണ് കാര്‍ത്തിക് പറഞ്ഞത്.
ഇന്ത്യന്‍ ടീമില്‍ കൃത്യമായ ഫിനിഷറുടെ അഭാവമാണ് തനിക്കിപ്പോഴും സ്‌പെയിസ് ഉണ്ടെന്ന് കാര്‍ത്തിക് കരുതാന്‍ കാരണം.
‘ടി20ക്ക് വളരെയധികം ഞാന്‍ പ്രാധാന്യം നല്‍കുന്നു. ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ ലോകത്തിലെ മികച്ച താരങ്ങള്‍ക്കെതിരെയാണ് നമ്മള്‍ കളിക്കുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമാണിത്’ കാര്‍ത്തിക് പറഞ്ഞു.
‘മധ്യനിര ബാറ്റ്സ്മാനെന്ന നിലയില്‍ ഇംപാക്ട് സൃഷ്ടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ പ്രായം തീര്‍ച്ചയായും പ്രധാനപ്പെട്ട കാര്യമാണെന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്. ശിഖര്‍ ധവാന്‍ ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയിലെ ടോപ് സ്‌കോററായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരേ പ്രായക്കാരാണ്. ശരീരം നോക്കിയാണ് ആളുകള്‍ താരങ്ങളില്‍ എത്രത്തോളം കരിയര്‍ ബാക്കിയുണ്ടെന്ന് തീരുമാനിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. ഷുഹൈബ് മാലിക്കും മുഹമ്മദ് ഹഫീസും പാകിസ്താനായി ടി20 ലോകകപ്പില്‍ നടത്തിയ പ്രകടനം നോക്കുക. അനുഭവസമ്പത്തിന് വലിയ ടൂര്‍ണമെന്റുകളില്‍ വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ കുറച്ച് ടൂര്‍ണമെന്റുകളെടുത്താല്‍ത്തന്നെ നിങ്ങള്‍ക്കത് വ്യക്തമാകും’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്ന കാര്‍ത്തികിനെ മെഗാ ലേലത്തിന് മുമ്പാണ് ടീം ഒഴിവാക്കിയത്. മധ്യനിര ബാറ്റ്സ്മാനെന്ന നിലയില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കാര്‍ത്തിക്. എന്നാല്‍ പുതിയ യുവതാരങ്ങള്‍ക്കിടയില്‍ നിന്ന് 36കാരനായ കാര്‍ത്തികിന് എത്രത്തോളം തിരിച്ച് വരാനാകുമെന്ന് കാത്തിരുന്ന് തന്നെ കാണണം.