അപ്രകാരം ചെയ്യൂ, കിവീസ് പ്രതിരോധത്തിലാകും, ബൗളര്‍മാര്‍ക്ക് ഉപദേശവുമായി ദിനേഷ് കാര്‍ത്തിക്

Image 3
CricketCricket News

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തില്‍ ക്രിക്കറ്റ് ലോകം ഒട്ടും തൃപ്തരല്ല. മത്സരത്തിന്റെ മൂന്നാം ദിനം 34 ഓവറുകളാണ് ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞത്. എന്നിട്ടും ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താന്‍ സാധിച്ചത്.

ഡെവോണ്‍ കോണ്‍വെ ഇശാന്തിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ആര്‍ അശ്വിനായിരുന്നു മറ്റൊരു വിക്കറ്റ്. ഫൈനലിലെ നാലാം ദിവസത്തിലും ഒരു പന്തുപോലും എറിയാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ അഞ്ചാം ദിനം മത്സരം പുനരാരംഭിക്കുമ്പോള്‍ ബൗളര്‍മാര്‍ക്ക് നിര്‍ണ്ണായക ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദിനേഷ് കാര്‍ത്തിക്. കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ കൂടുതല്‍ ബൗണ്‍സ് എറിയാനാണ് ദിനേഷ് കാര്‍ത്തിക് ഉപദേശിക്കുന്നത്. ബൗണ്‍സ് കൂടുതല്‍ വന്നാല്‍ ന്യൂസിലന്‍ഡ് പ്രതിരോധത്തിലാകുമെന്നും ദിനേഷ് കാര്‍ത്തിക് വിലയിരുത്തുന്നു.

നേരത്തെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം പുരോഗമിക്കവെ കമന്ററി പറഞ്ഞ് ദിനേഷ് കാര്‍ത്തിക് ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെ ഇംഗ്ലീഷ് കമന്ററി പാനലില്‍ അംഗമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക്ക്. കളി വിലയിരുത്തലിനൊപ്പം കൃത്യമായ പ്രവചനങ്ങളും സഹ കമന്റേറ്റര്‍ നാസര്‍ ഹുസൈനൊപ്പമുള്ള സൗഹാര്‍ദ്ദപരമായ കളിയാക്കലുകളും ക്രിക്കറ്റ് ലോകം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.