ഇന്ത്യന്‍ ടീമിലില്ല, ദിനേഷ് കാര്‍ത്തികിനെ തേടി മറ്റൊരു ഭൗത്യം, അപൂര്‍വ്വ നേട്ടം

ഇന്ത്യയും, ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന ഏകദിന-ടി20 പരമ്പരയില്‍ കമന്ററി ബോക്‌സില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തികും ഉണ്ടാകും. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയുടെ സംപ്രേക്ഷണാവകാശമുള്ള സ്‌കൈ സ്‌പോര്‍ട്‌സാണ് ദിനേഷ് കാര്‍ത്തിക്കിനെ കമന്ററി പാനലില്‍ ഉള്‍പ്പെടുത്തിയ കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

സ്‌കൈ സ്‌പോര്‍ട്‌സിന്റെ കമന്ററി പാനലില്‍ ഇടം പിടിച്ച ഏക ഇന്ത്യക്കാരന്‍ കൂടിയാണ് കാര്‍ത്തിക്ക്. ഇതോടെ മറ്റൊരു അപൂര്‍വ്വ പട്ടികയിലും കാര്‍ത്തിക് ഇടംപിടിച്ചു. ക്രിക്കറ്റില്‍ സജീവമായി തുടരുന്ന സമയത്ത് കമന്ററിയില്‍ കൈ വെക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കിടയിലാകും കാര്‍ത്തികിന്റെ സ്ഥാനം.

നേരത്തെ ഹര്‍ഭജന്‍ സിംഗ്, ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, പാര്‍ത്ഥിവ് പട്ടേല്‍ എന്നിവരും കളിച്ചു കൊണ്ടിരുന്ന സമയത്ത് കമന്ററി പറയാന്‍ എത്തിയിരുന്നു.

അതേ സമയം നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചു കൊണ്ടിരിക്കുന്ന തമിഴ്‌നാടിന്റെ നായകനായ ദിനേഷ് കാര്‍ത്തിക്ക്, ഈ ടൂര്‍ണമെന്റ് അവസാനിച്ചതിന് ശേഷം മാത്രമേ കമന്ററി പാനലിനൊപ്പം ചേരൂ. മാര്‍ച്ച് പതിനാലിനാണ് വിജയ് ഹസാരെ ട്രോഫിയുടെ ഫൈനല്‍ നടക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരിമിത ഓവര്‍ പരമ്പരകള്‍ ആരംഭിക്കുന്നത് മാര്‍ച്ച് 12 മുതലാണ്.

You Might Also Like