ബാറ്റുകള്‍ അയല്‍ക്കാരന്റെ ഭാര്യയെ പോലെയാണ്, ഇന്ത്യന്‍ സൂപ്പര്‍ താരം വിവാദത്തില്‍

Image 3
CricketCricket News

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് തന്നെ കമന്ററി ബോക്‌സിലെത്തി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക് വിവാദത്തില്‍ ഇംഗ്ലണ്് ശ്രീലങ്ക പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിനിടെ സ്‌കൈ സ്‌പോര്‍ട്‌സിനായി കമന്ററി പറയുന്നതിനിടെ ലൈംഗിക ചുവയുളള ഒരു പഴഞ്ചൊല്ല് പറഞ്ഞതാണ് ദിനേഷ് കാര്‍ത്തികിന് തിരിച്ചടിയായിരിക്കുന്നത്.

‘ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയേപ്പോലെ’യാണ് എന്നായിരുന്നു കാര്‍ത്തിക്കിന്റെ ഉപമ. മിക്ക ബാറ്റ്‌സ്മാന്‍മാര്‍ക്കും സ്വന്തം ബാറ്റിനേക്കാള്‍ ഉപയോഗിക്കാന്‍ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന കാര്യം വിശദീകരിക്കാനാണ് കാര്‍ത്തിക് വിവാദം സൃഷ്ടിച്ച ഉപമ അവതരിപ്പിച്ചത്. ഈ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

‘ബാറ്റ്‌സ്മാന്‍മാരില്‍ ഏറിയ പങ്കിനും അവരുടെ സ്വന്തം ബാറ്റിനോട് അത്ര മമതയില്ല. അവര്‍ക്ക് കൂടുതല്‍ താത്പര്യം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകള്‍ അയല്‍ക്കാരന്റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതല്‍ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും’ ഇതായിരുന്നു കാര്‍ത്തിക്കിന്റെ പരാമര്‍ശം.

നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് കമന്ററി ബോക്‌സില്‍ കാര്‍ത്തിക് തിളങ്ങിയത്. മത്സരത്തിന്റെ ഒരോ ഘട്ടത്തിലും കൃത്യമായി വിശകലനം നടത്തിയാണ് കാര്‍ത്തിക് കൈയ്യടി നേടിയത്. ഇതോടെ ആ തിളക്കവുമായി അടുത്ത പരമ്പരയ്‌ക്കെത്തിയ കാര്‍ത്തിക് ഇപ്പോള്‍ വിമര്‍ശന ശരമേറ്റ് പുളയുകയാണ്.