അയ്യോ അങ്ങനെ പറ്റിപ്പോയി, ഭാര്യയില്‍ നിന്നും അമ്മയില്‍ നിന്നും കണക്കിന് കിട്ടി, മാപ്പ് ചോദിക്കുന്നതായി കാര്‍ത്തിക്

Image 3
CricketCricket News

ഇംഗ്ലണ്ട് – ശ്രീലങ്ക പര്യടനത്തിനിടെ ലൈഗിംഗ ചുവയുളള അനുചിത പരമാര്‍ശം നടത്തിയ കമന്റേറ്ററും ഇന്ത്യന്‍ താരവുമായ ദിനേഷ് കാര്‍ത്തിക് മാപ്പ് പറഞ്ഞു. കാര്‍ത്തികിന്റെ ‘ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയേപ്പോലെ’യാണെന്ന പരാമര്‍ശം ക്രിക്കറ്റ് ലോകത്ത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ആ പരമര്‍ശത്തിന്റെ പേരില്‍ അമ്മയില്‍ നിന്നും ഭാര്യയില്‍ നിന്നും കണക്കിന് ചീത്തകേട്ടെന്നും അങ്ങനെ പറഞ്ഞു പോയതില്‍ നിര്‍വ്യാജം മാപ്പ് ചോദിക്കുന്നതായും ദിനേഷ് കാര്‍ത്തിക് പറയുന്നു.

‘അന്ന് സംഭവിച്ചതില്‍ എല്ലാവരോടും മാപ്പുചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനതില്‍ ദുരുദ്ദേശ്യപരമായി ഒന്നും ലക്ഷ്യമിട്ടിരുന്നില്ല. പക്ഷേ, അത് കൈവിട്ടുപോയി. അതിന് എല്ലാവരോടും മാപ്പ് ചോദിക്കുന്നു. അത് പറഞ്ഞതിന് അമ്മയുടെയും ഭാര്യയുടെയും അരികില്‍ നിന്ന് എനിക്ക് കണക്കിന് ശകാരം കിട്ടി. അങ്ങിനെ സംഭവിച്ചതില്‍ എനിക്ക് ഖേദമുണ്ട്. ഇനി അത് ആവര്‍ത്തിക്കില്ല.’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.

മിക്ക ബാറ്റ്സ്മാന്‍മാര്‍ക്കും സ്വന്തം ബാറ്റിനേക്കാള്‍ ഉപയോഗിക്കാന്‍ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന കാര്യം വിശദീകരിക്കാനാണ് കാര്‍ത്തിക് ‘ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയേപ്പോലെ’യാണ് എന്ന പരാമര്‍ശം നടത്തിയത്.

‘ബാറ്റ്സ്മാന്‍മാരില്‍ ഏറിയ പങ്കിനും അവരുടെ സ്വന്തം ബാറ്റിനോട് അത്ര മമതയില്ല. അവര്‍ക്ക് കൂടുതല്‍ താത്പര്യം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകള്‍ അയല്‍ക്കാരന്റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതല്‍ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും’ ഇതായിരുന്നു കാര്‍ത്തിക്കിന്റെ പരാമര്‍ശം.

നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് കമന്ററി ബോക്സില്‍ കാര്‍ത്തിക് തിളങ്ങിയത്. മത്സരത്തിന്റെ ഒരോ ഘട്ടത്തിലും കൃത്യമായി വിശകലനം നടത്തിയാണ് കാര്‍ത്തിക് കൈയ്യടി നേടിയത്.