നെയ്മറെ പട്ടിയാക്കി സോഷ്യൽ മീഡിയ പോസ്റ്റ്, ദിമിത്രി പയറ്റിനെതിരെ രൂക്ഷവിമർശനവുമായി ആരാധകർ

Image 3
FeaturedFootballLeague 1

മാഴ്സെയുമായി തോൽവിയേറ്റു വാങ്ങേണ്ടി വന്നതിനൊപ്പം മാഴ്സെ താരമായ അൽവാരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന നെയ്മറുടെ ആരോപണം വൻ വിവാദമായി മാറിയിരിക്കുകയാണ്. താരങ്ങൾ തമ്മിലടിച്ചതും സൂപ്പർതാരം നെയ്മറടക്കം അഞ്ചു താരങ്ങൾക്ക് റെഡ് കാർഡുകളും പതിനാലു മഞ്ഞക്കാർഡുകളും കണ്ടതും ഫുട്ബോൾ ലോകം കണ്ടതാണ്. എന്നാൽ ഈ സംഭവത്തെ കൂടുതൽ വിവാദപരമാക്കിയിരിക്കുകയാണ് ദിമിത്രി പയറ്റ്.

മാഴ്സെ താരമായ ദിമിത്രി പയറ്റ് തന്റെ സഹതാരമായ അൽവാരോ ഗോൺസാലസിന് പിന്തുണയുമായി സമൂഹമാധ്യമങ്ങളിലിട്ട ഒരു പോസ്റ്റാണ് ആധാരം. നെയ്മറെ അവഹേളിക്കുന്ന രീതിയിൽ ഇട്ടിരിക്കുന്ന ചിത്രം നെയ്മർ ആരാധകരെ രോഷാകുലരാക്കിയിരിക്കുകയാണ്. നെയ്മർ ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്.

ചിത്രത്തിൽ ദിമിത്രി പയറ്റും മാഴ്സെ താരങ്ങളുമടങ്ങുന്ന സംഘത്തിന്റെ ചിത്രത്തിൽ നെയ്മറെ അൽവാരോ ഗോൺസാലസിന്റെ കയ്യിൽ പിടിച്ചിരിക്കുന്ന നായയുടെ തലയ്ക്കു പകരം ചിരിക്കുന്ന നെയ്മറുടെ തല ചേർത്താണ് ചിത്രീകരിച്ചിരിക്കുന്നത്. “ഞങ്ങളുടേത് ഒരു സംഘടിത കൂട്ടമാണെന്നും ഇത് പാരീസല്ല ഇത് മാഴ്സെയാണ് കുഞ്ഞേ” എന്ന അടിക്കുറിപ്പോടുകൂടിയാണ് ദിമിത്രി പയറ്റ് ചിത്രം പോസ്റ്റിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വലിയതോതിൽ വിമർശനമേറ്റുവാങ്ങുകയാണ് ദിമിത്രി പയറ്റ്.

വംശീയാധിക്ഷേപരോപണവുമായി നെയ്മറാണ് ആദ്യം രംഗത്തെത്തിയതെങ്കിലും ഇപ്പോൾ നെയ്മർക്ക് പ്രതികൂലമായാണ് കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോ റഫറി നെയ്മറിന് റെഡ് കാർഡ് കൊടുത്തത് അൽവാരോയുടെ തലക്ക് നെയ്മർ അടിക്കുന്ന വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ഇതിനു ശിക്ഷയായി താരത്തിനു ഫ്രഞ്ച് ലീഗ്‌ അധികൃതർ ബാൻ ചുമത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്തായാലും പയറ്റിന്റെ ഈ പോസ്റ്റ് വിവാദപരമായ സംഭവത്തെ വീണ്ടും ചൂടുപിടിപ്പിച്ചിട്ടുണ്ട്.