മെസിക്കൊപ്പം പിഎസ്‌ജിയിൽ കളിക്കാനാവും, പ്രതീക്ഷയുണ്ടെന്നു എയ്ഞ്ചൽ ഡിമരിയ

Image 3
FeaturedFootballLeague 1

ബാഴ്സ ആരാധകർ ഏറെ ഉറ്റുനോക്കുന്ന ഒരു സമ്മർ ട്രാൻസ്ഫർ ജാലകമായിരിക്കും അഞ്ചു മാസത്തിനുള്ളിൽ വന്നു ചേരാൻ പോകുന്നത്. കാരണം സൂപ്പർ താരം ലയണൽ മെസിയുടെ ഭാവി തന്നെ തീരുമാനിക്കപ്പെടുന്നത് അന്നായിരിക്കും. ഈ സീസൺ അവസാനത്തിൽ ബാഴ്സ ക്യാപ്റ്റൻ ലയണൽ മെസിക്ക് ഫ്രീ ട്രാൻസ്ഫറിൽ വിടാനായേക്കും.

താരത്തെ സ്വന്തമാക്കാൻ കഴിയുന്ന രണ്ടു ക്ലബ്ബുകളാണ് നിലവിൽ ലോകഫുട്ബോളിൽ തക്കം പാർത്തിരിക്കുന്നത്. പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ഫ്രഞ്ച് ശക്തികളായ പിഎസ്ജിയുമാണ് ലയണൽ മെസിയെ നോട്ടമിട്ടു വെച്ചിരിക്കുന്നത്. എന്നാൽ ലയണൽ മെസിയെ പിഎസ്ജിക്ക് സ്വന്തമാക്കാൻ കഴിയുമെന്നാണ് അർജൻ്റീന സഹതാരവും പിഎസ്ജി സൂപ്പർ താരവുമായ ഏഞ്ചൽ ഡിമരിയയുടെ പക്ഷം.ഫ്രഞ്ച് മാധ്യമമായ കനാൽ പ്ലസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡിമരിയ.

“ഞാൻ അങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. ഒരു വലിയ സാധ്യതയാണുള്ളത്. നമുക്ക് കുറച്ചു കൂടി കാത്തിരിക്കേണ്ടതുണ്ട്. കാര്യങ്ങളെല്ലാം നല്ല രീതിയിൽ അഭിവൃദ്ധിപ്പെട്ടു വരേണ്ടതുണ്ട്.” ഡി മറിയ പറഞ്ഞു. നിലവിൽ ഡിമരിയയുടെയും കരാർ ഈ സീസൺ അവസാനം ജൂൺ 30നു അവസാനിക്കാനിരിക്കുകയാണ്. നെയ്മറിനൊപ്പം കരാർ പുതുക്കാനുള്ള സാധ്യതകളെക്കുറിച്ചും ഡിമരിയ വ്യക്തമാക്കി.

“ഞങ്ങൾ ക്ഷമയോടെ കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. നെയ്മർ എന്നേക്കാൾ നല്ലോണം ഇളയതാണ്. അതുകൊണ്ടു തന്നെ അവർക്കായിരിക്കും പ്രഥമ പരിഗണന സ്വഭാവികമായും ഉണ്ടാവുക. ഞങ്ങൾ പതുക്കെ പതുക്കെയാണ് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ടകാര്യം ഞാൻ പാരീസിൽ സന്തോഷവാനാണെന്നതാണ്.” ഡിമരിയ പറഞ്ഞു.