ബാഴ്‌സയെ തകർത്ത് രണ്ടാമത്, കിരീടസാധ്യതയെക്കുറിച്ച് സിമിയോണി പറയുന്നു

Image 3
FeaturedFootballLa Liga

ബാഴ്സയുമായി നടന്ന ലാലിഗ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ് വിജയം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. ആദ്യപകുതിയിലെ അവസാന സമയത്താണ് യാനിക്ക് കരാസ്‌കോയുടെ വിജയ ഗോൾ പിറക്കുന്നത്. ഈ വിജയത്തോടെ ഒരു മത്സരം കുറവ് കളിച്ച അത്ലറ്റിക്കോ റയൽ സോസീഡാഡിന് പിറകിലായി രണ്ടാമത്തെത്തിയിരിക്കുകയാണ്.

9 മത്സരം കളിച്ചു അത്ലറ്റികോയുടെ അതേ പോയിന്റുമായി റയൽ സോസിഡാഡ് ഒന്നാം സ്ഥാനത്തു തുടരുകയാണെങ്കിലും അടുത്ത മത്സരം ജയിച്ചാൽ അത്ലറ്റികോക്ക് ഒന്നാംസ്ഥാനത്തെത്താം. രണ്ടാംസ്ഥാനത്തെത്തിയതോടെ അത്ലറ്റികോയുടെ കിരീടം സാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മത്സരശേഷം മറുപടി നൽകിയിരിക്കുകയാണ് പരിശീലകനായ ഡിയെഗോ സിമിയോണി.

“2013-14 സീസണിലെ കിരീടം നേടിയ ടീമുമായി ഇത്തവണത്തെ സാമ്യത തോന്നുന്നുണ്ടോയെന്നുള്ള ചോദ്യത്തിനും സിമിയോണി മറുപടി നൽകി. “ഇല്ല. ഞാനത് കാണുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നത് ഞങ്ങൾ കഴിഞ്ഞ സീസണിൽ നിന്നും ഈ സീസണിലെത്തി നിൽക്കുമ്പോൾ താരങ്ങളുടെ മെച്ചപ്പെടലിനാണ് ഞങ്ങൾ മൂല്യം കൊടുക്കുന്നതെന്നതാണ്. ഞങ്ങൾ കളിക്കളത്തിൽ മികച്ച രീതിയിൽ ഞങ്ങളുടെ ജോലി ചെയ്യുന്നു. ടീമിന്റെ കുറ്റങ്ങൾ കണ്ടെത്തി ടീമിലുള്ളവരോട് പങ്കു വെക്കുന്നു. അത് ഞങ്ങൾക്ക് കാണാനാവുന്നുണ്ട്.”

ഞങ്ങൾക്ക് എല്ലാവരെയും ഇപ്പോൾ ആവശ്യമാണ്. കഴിഞ്ഞ സീസണിൽ മുഴുവൻ കളിച്ച ഫിലിപ്പെ, തീർച്ചയായും കൂടുതൽ പ്രാധാന്യമുള്ള റെനാൻ ലോദി, പതിയെപ്പതിയെ കളിയിലേക്ക് വരുന്ന കൊണ്ടോഗ്‌ബിയ, മികവ് കണ്ടെത്തുന്ന സൗൾ നിഗ്വസ്,മികച്ച വളർച്ച കാണിക്കുന്ന ഏയ്ഞ്ചൽ കൊറെയാ, ജാവോ ഫെലിക്സിനെയും കോസ്റ്റയുടെ അഭിനിവേശത്തെയും ഞാൻ ഒഴിവാക്കുന്നില്ല. ഈ സംഘം എന്നെ ഉന്മേഷവാനാക്കുന്നുണ്ട്. കാരണം ഇവരെന്നെ ഓരോ മത്സരത്തിലും പ്രധാന കാര്യങ്ങളിൽ എന്റെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ” സിമിയോണി വ്യക്തമാക്കി.