ബാഴ്സയിൽ ഇതാദ്യമായല്ല ഇങ്ങനെയുണ്ടാവുന്നത്, സുവാരസിന് പിന്തുണയുമായി ഡിയെഗോ ഫോർലാൻ

Image 3
FeaturedFootballLa Liga

സുവാരസിനെ ബാഴ്സലോണ ഒഴിവാക്കിയത്തിനെതിരെ തുറന്നടിച്ച മെസിയുടെ വാക്കുകളെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സുവാരസിന്റെ ഉറുഗ്വായ് സഹതാരമായ ഡിയഗോ ഫോർലാൻ. ബാഴ്സയുടെ ചരിത്രത്തിൽ നിരവധി താരങ്ങൾക്ക് ഇതുപോലെ സംഭവിച്ചിട്ടുണ്ടെന്നും ബാഴ്സക്കു വേണ്ടി ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയതു കൊണ്ട് സുവാരസ് ഒരിക്കലും നിരാശനാകേണ്ട കാര്യമില്ലെന്നും ഫോർലാൻ ചൂണ്ടിക്കാണിക്കുന്നു.

“സുവാരസിനോടു ബാഴ്സ ചെയ്തത് ചരിത്രത്തിൽ നിരവധി താരങ്ങൾക്ക് സംഭവിച്ചിട്ടുണ്ട്. എന്നാൽ ബാഴ്സക്കു വേണ്ടി എല്ലാം നൽകിയാണ് സുവാരസ് പടിയിറങ്ങുന്നതെന്നു കൊണ്ട് അദ്ദേഹം നിരാശനാകേണ്ട കാര്യമില്ല.”

“സുവാരസ് അത്ലറ്റികോയുമായി പെട്ടെന്നുതന്നെ ഇണങ്ങിച്ചേർന്ന് ഒരു കുടുംബം പോലെയാവും. ലാലിഗയിൽ ടീമിനെ ഉയരങ്ങളിലെത്തിക്കാൻ അദ്ദേഹത്തിനു സാധിക്കട്ടെ. ഫെലിക്സ്, കോസ്റ്റ, സുവാരസ് എന്നീ മൂവർസംഘമായിരിക്കും ഇനി തിളങ്ങാൻ പോകുന്നത്.” റേഡിയോ മാർക്കക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫോർലാൻ.

സുവാരസിനെ പോലെ ക്ലബ്ബിന്റെ നിരവധി നേട്ടങ്ങളിൽ പങ്കാളിയായ ഇതിഹാസതാരം ഈ രീതിയിലൊരു വിടവാങ്ങൽ അല്ല അർഹിക്കുന്നതെന്ന് മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഡാനി ആൽവസ്, നെയ്മർ എന്നീ പ്രമുഖതാരങ്ങൾ മെസിക്കു പിന്തുണയുമായി ക്ലബിനെ വിമർശിച്ചു രംഗത്തെത്തിയിരുന്നു.ഒപ്പം മെസിയുടെ സുഹൃത്തായ സെസ്ക് ഫാബ്രിഗാസും മെസിക്ക് പിന്തുണയർപ്പിച്ചിരുന്നു.