ദ്രോഗ്ബയെ റാഞ്ചാന്‍ എടികെ, പിന്നീട് സംഭവിച്ചത്

Image 3
FootballISL

ഐഎസ്എല്ലിലേക്ക് വരുന്നു എന്ന് റൂമറുകള്‍ ഏറെ പ്രചരിച്ച പേരുകളിലൊന്നാണ് ഐവറി കോസ്റ്റിന്റെ സൂപ്പര്‍ താരം ദിദിയര്‍ ദ്രോഗ്ബയുടേത്. പ്രമുഖ ഐഎസ്എല്‍ ക്ലബ് എടികെ ദ്രോഗ്ബയെ സ്വന്തമാക്കും എന്നായിരുന്നു വാര്‍ത്തകള്‍. ഐഎസ്എല്‍ രണ്ടാം സീസണിലാണ് ഈ റൂമര്‍ ഏറെ പ്രചരിച്ചത്. പ്രമുഖ മാധ്യമങ്ങളടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

ലൂയിസ് ഗാര്‍ഷ്യയെ മാര്‍കീ താരമാക്കിയ എ.ടി.കെ, തൊട്ടടുത്ത വര്‍ഷം ദ്രോഗ്ബയെ ടീമിലെത്തിക്കാനുള്ള ശ്രമം നടത്തി എന്നത് സത്യമാണ്. എടികെയില്‍ നിന്നും ഓഫറുളളതായി ദ്രോഗ്ബയുടെ ഏജന്റ് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കരാര്‍ പ്രകാരം ഭീമമായ തുക അദ്ദേഹത്തിന് നല്‍കാന്‍ എടികെ തയ്യാറായി. എന്നാല്‍ അവസാന നിമിഷം ദ്രോഗ്ബ ഈ കരാറില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. പകരം ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ തകര്‍ത്ത് കാനഡയിലെ മോണ്‍ട്രിയേല്‍ ഇമ്പാക്ട് എന്ന ക്ലബ്ബിലേക്കാണ് ദ്രോഗ്ബ പോയത്.

ലോകഫുട്‌ബോളില്‍ ഐവറി കോസ്റ്റിന് മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത താരമാണ് ദ്രോഗ്ബ. ഐവറി കോസ്റ്റിനായി 105 മത്സങ്ങള്‍ കളിച്ചിട്ടുളള ദ്രോഗ്ബ 65 ഗോളുകളും നേടിയിട്ടുണ്ട്. എട്ട് വര്‍ഷത്തോളം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയ്ക്കായി കളിച്ച ദ്രോഗ്ബ 226 മത്സരങ്ങളില്‍ നിന്ന് 100 ഗോളും നേടിയിട്ടുണ്ട്.