മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അര്ജന്റീന ടീമിൽ നിന്നും പുറത്ത്, ടീമിലെത്തും വരെ പൊരുതാൻ തന്നെയാണ് തീരുമാനമെന്ന് ഡി മരിയ
മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അർജന്റീന ടീമിൽ തനിക്ക് ഇടം ലഭിക്കാതിരുന്നതിൽ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് പിഎസ്ജി സൂപ്പർതാരം ഏയ്ഞ്ചൽ ഡി മരിയ. ഒക്ടോബർ ആരംഭത്തിൽ നടക്കാനിരിക്കുന്ന ഇക്വഡോറിനും ബൊളീവിയക്കുമെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പരിശീലകൻ സ്കലോനി പ്രഖ്യാപിച്ചപ്പോൾ ഡി മരിയയെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച താരാമായിട്ടുകൂടിയാണ് ഡി മരിയയെ സ്കെലോനി പരിഗണിക്കാതിരുന്നത്.
“അർജൻറീന ടീമിൽ ഇടം നേടാനാവാത്തതിൽ യാതൊരു വിശദീകരണവും എനിക്കു നൽകാനില്ല. ദേശീയ ടീം എനിക്ക് അത്രയും പ്രധാനപ്പെട്ടതാണ്. ഇത്രയും മികച്ച രീതിയിൽ കളിക്കുമ്പോൾ എന്നെ ഒഴിവാക്കിയതു മനസിലാകുന്നില്ല. അർജന്റീന ടീമിൽ ഇടം നേടാനും അവർക്കൊപ്പം മത്സരിക്കാനിനിയും സാധിക്കുമെങ്കിൽ പിഎസ്ജിക്കൊപ്പം ഞാൻ കഠിനമായി പരിശ്രമിക്കും.”
“അവരെന്നെ ഒഴിവാക്കിയത് ടീമിലെടുക്കാൻ താൽപര്യമില്ലാത്തതു കൊണ്ടു തന്നെയാണ്. എന്നാൽ ടീമിലിടം നേടാനായി ഞാൻ പൊരുതും. മുപ്പത്തിരണ്ടുകാരനായ എനിക്കിപ്പോഴും പഴയ വേഗതയുണ്ട്. എന്നാൽ പ്രായമായെന്നാണ് പലരും പറയുന്നത്. എന്റെ മികവ് എല്ലാ മത്സരങ്ങളിലും ഞാൻ കാണിക്കുകയും നെയ്മർ, എംബാപ്പെ എന്നിവരുടേതുപോലെ തന്നെ പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്നുണ്ട്.” ക്ലോസ് കോണ്ടിനെന്റൽ റേഡിയോയോട് സംസാരിക്കുകയായിരുന്നു ഡി മറിയ.
പിഎസ്ജിക്കൊപ്പം ഡി മരിയ നടത്തുന്ന പ്രകടനത്തെ പരിശീലകൻ ടുഷലടക്കം പ്രശംസിച്ചിരുന്നു. എന്നാൽ മാഴ്സക്കെതിരായ മത്സരത്തിനു ശേഷം എതിർതാരത്തെ ഡി മരിയ തുപ്പിയത് വിവാദമായിരുന്നു. ഇതു തന്നെയാണ് അർജന്റീന ടീമിൽ താരത്തിന് സ്ഥാനം നഷ്ടപ്പെടാൻ കാരണമായതെന്നും അതു താൽക്കാലികമാണെന്നുമാണ് കരുതേണ്ടത്.