12 ലക്ഷത്തിന്റെ കൂറ്റന്‍ പിഴ, ധോണിയുടെ പ്രതികാരം ഇങ്ങനെ

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി നടന്ന ആദ്യ മത്സരത്തിലെ തോല്‍വിക്കു പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് അധികൃതര്‍ കൂറ്റന്‍ പിഴവിധിച്ചിരുന്നല്ലോ. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം 12 ലക്ഷം രൂപയാണ് ധോണിയ്ക്ക് പിഴയിട്ടത്.
എന്നാല്‍ അതിനുളള മറുപടി കഴിഞ്ഞ ദിവസം പഞ്ചാബിനെതിരായ മത്സരത്തില്‍ ധോണി നല്‍കി. പഞ്ചാബുമായി നടന്ന മത്സരത്തില്‍ 90 മിനിറ്റില്‍ താഴെ സമയം കൊണ്ടാണ് പഞ്ചാബിന്റെ ബാറ്റിങ് അവസാനിപ്പിച്ച് ധോണി റെക്കോര്‍ഡിട്ടത്.
കേവലം 88 മിനിറ്റിലാണ് പഞ്ചാബിന്റെ ബാറ്റിങ് നിരയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എറിഞ്ഞിട്ടത്. ഇത്തവണ ഈ നേട്ടത്തിലെത്തുന്ന ആദ്യ നായകനെന്ന നേട്ടവും ഇതോടെ ധോണി സ്വന്തമാക്കി. ഇത്തവണ ആദ്യമായി കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ വാങ്ങിയ നായകനും ധോണിയായിരുന്നു.
106 റണ്‍സിന് അവസാനിച്ച പഞ്ചാബ് ഉയര്‍ത്തിയ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നിരുന്നു. ഐപിഎല്‍ 14ാം സീസണില്‍ ചെന്നൈയുടെ ആദ്യ വിജയമാണിത്.