ലങ്കന്‍ പര്യടനം, ടീം ഇന്ത്യയെ നയിക്കുന്നത് സര്‍പ്രൈസ് താരങ്ങളിലൊരാള്‍

Image 3
CricketTeam India

ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയോ ഓപ്പണര്‍ ശിഖര്‍ ധവാനോ നയിച്ചേക്കും. ശ്രേയാസ് അയ്യര്‍ പരുക്കില്‍ നിന്ന് മോചിതനാവുമെങ്കില്‍ അയ്യരാവും ക്യാപ്റ്റന്‍. എന്നാല്‍ അതിനുളള സാധ്യത വിരളമാണ്.

ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുളളവരുടെ പേര് നായക സ്ഥാനത്തേക്ക് പറഞ്ഞ് കേട്ടിരുന്നു.

”ശ്രീലങ്കന്‍ പര്യടനത്തില്‍ ശ്രേയാസ് അയ്യര്‍ കളിക്കുമോ എന്നതില്‍ ഇതുവരെ ഇപ്പോഴും വ്യക്തതയില്ല. സാധാരണ ഗതിയില്‍ അത്തരം ഒരു സര്‍ജറി കഴിഞ്ഞ് കളത്തിലിറങ്ങാന്‍ 4 മാസങ്ങളെങ്കിലും എടുക്കും. ശ്രേയാസ് ടീമില്‍ ഇടം നേടുമെങ്കില്‍ അദ്ദേഹം ക്യാപ്റ്റനാവും. ശിഖര്‍ ധവാനാണ് ടീമിലെ ഏറ്റവും സീനിയറായ താരം. മികച്ച പ്രകടനങ്ങളാണ് കഴിഞ്ഞ കാലങ്ങളായി ധവാന്‍ നടത്തുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ സംഭാവനകള്‍ അവഗണിക്കാനാവില്ല. മുംബൈ ഇന്ത്യന്‍സിനായി പന്തെറിയുന്നില്ല എന്നത് സത്യമാണെങ്കിലും ഹര്‍ദ്ദിക്കിനെയും അവഗണിക്കാനാവില്ല.”- ബിസിസിഐ പ്രതിനിധി പറയുന്നു.

മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ശ്രീലങ്കയില്‍ ഇന്ത്യ കളിക്കുക. ജൂലായ് മാസത്തില്‍ ഇന്ത്യ മറ്റ് ഏകദിന മത്സരങ്ങളൊന്നും കളിക്കുന്നില്ല. അതുകൊണ്ട് തന്നെ, ഏകദിന ടി-20 സ്‌പെഷ്യലിസ്റ്റ് താരങ്ങളെയാവും ശ്രീലങ്കയിലേക്ക് അയക്കുക.

വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നീ താരങ്ങളൊന്നും പരമ്പരയില്‍ കളിക്കില്ല. അവരെല്ലാം ആ സമയം ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കും.

സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ചഹാര്‍, രാഹുല്‍ ചഹാര്‍, മായങ്ക് അഗര്‍വാള്‍, പാണ്ഡ്യ സഹോദരന്മാര്‍, ടി നടരാജന്‍, പൃഥ്വി ഷാ, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ തെവാട്ടിയ, ഖലീല്‍ അഹ്മദ്, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയ താരങ്ങളും ടീമില്‍ ഇടം നേടിയേക്കും.