കിവീസിന് രക്ഷകനായി കോണ്‍വേ, മൂന്ന് ദിവസം താമസിച്ച് പോയെന്ന് അശ്വിന്‍

Image 3
CricketIPL

ഓസ്‌ട്രേലിയക്കെതിരായ ടി20 പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ന്യൂസിലന്‍ഡ്. ദേവന്‍ കോണ്‍വെ നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ക്രൈസ് ചര്‍ച്ചില്‍ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 53 റണ്‍സിന്റെ കൂറ്റന്‍ ജയം സമ്മാനിച്ചത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റിന് 184 റണ്‍സാണ് എടുത്തത്. ബാറ്റിംഗ് തകര്‍ച്ച നേരിട്ട ന്യൂസിലന്‍ഡിനെ രക്ഷിച്ചത് ഒരു റണ്‍സ് മാത്രം അകലെ സെഞ്ച്വറി നഷ്ടമായ ദേവന്‍ കോണ്‍വേയുടെ ബാറ്റിംഗ് പ്രകടനമായിരുന്നു. കോണ്‍വേ 59 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 99 റണ്‍സെടുത്തു. ഗ്ലെന്‍ ഫിലിപ്പ്‌സ് 30ഉം ജയിംസ് നീഷാം 26ഉം റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 131 റണ്‍സാണ് സ്വന്തമാക്കാനായത്. 45 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ പിടിച്ചുനിന്നത്. മാക്‌സ് വെല്‍ ഒരു റണ്‍സുമായി പുറത്തായി.

നാല് വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയാണ് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

മത്സരത്തെ കുറിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം അശ്വിന്‍ നടത്തിയ അഭിപ്രായ പ്രകടനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദേവന്‍ കോണ്‍വെയുടെ പ്രകടനം നാല് ദിവസം വൈകിപ്പോയെന്നാണ് അശ്വിന്‍ അഭിപ്രായപ്പെട്ടത്. ഐപിഎല്‍ താരലേലം ചൂണ്ടിക്കാട്ടിയായിരുന്നു അശ്വിന്‍ ഇങ്ങനെയൊരു അഭിപ്രായം നടത്തിയത്.