കോണ്‍വെ തകര്‍ത്തത് നൂറ്റാണ്ടിന്റെ റെക്കോര്‍ഡുകള്‍, അമ്പരപ്പിന്റെ അങ്ങേയറ്റത്ത് ക്രിക്കറ്റ് ലോകം

ഇംഗ്ലണ്ടിനെതിരെ ലോഡ്‌സ് ടെസ്റ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടിയതോടെ ഡെവോണ്‍ കോണ്‍വെ തകര്‍ത്തത് നിരവധി ലോക റെക്കോഡുകളുമാണ്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തി ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയതാണ് ഏറ്റവും പ്രധാനപ്പെട്ടത്.

കൂടാതെ ഇംഗ്ലണ്ടിലെ അരങ്ങേറ്റക്കാരന്റെ ഉയര്‍ന്ന സ്‌കോറും കൂടിയാണിത്. ഇതിന് മുമ്പ് 1896ല്‍ ഇംഗ്ലണ്ടിനുവേണ്ടി കുമാര്‍ ശ്രീ രഞ്ജിത്സിഞ്ചി ഓസ്ട്രേലിയക്കെതിരേ നേടിയ 154* റണ്‍സായിരുന്നു ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഇതോടെ 125 വര്‍ഷം പഴയമുളള റെക്കോര്‍ഡാണ് തകര്‍ന്നിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യത്തെ താരം കൂടിയാണ് കോണ്‍വെ. ഇതിന് മുമ്പ് 1930ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജോര്‍ജ് ഹാഡ്ലിയുടെ 176 റണ്‍സായിരുന്നു തലപ്പത്തുണ്ടായിരുന്നത്. ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏഴാമത്തെ താരം കൂടിയാണ് കോണ്‍വെ. എന്നാല്‍ കോണ്‍വെ ആദ്യ ഇന്നിങ്സില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടിയതെന്നതാണ് ശ്രദ്ധേയം.

ന്യൂസീലന്‍ഡിനുവേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് കോണ്‍വെ. കിവീസിന്റെ അരങ്ങേറ്റക്കാരില്‍ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറെന്ന റെക്കോഡ് കോണ്‍വെ സ്വന്തം പേരിലാക്കി. തലപ്പത്ത് 1999ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ മാത്യു സിന്‍ക്ലയര്‍ നേടിയ 214 റണ്‍സാണ്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് കോണ്‍വെ. ഇതിന് മുമ്പ് 1987ല്‍ ശ്രീലങ്കയുടെ ബ്രണ്ടന്‍ കുറുപ്പു 201* റണ്‍സ് നേടിയിരുന്നു.

ലോര്‍ഡ്സില്‍ ആദ്യ ദിവസം തന്നെ കോണ്‍വെ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് കോണ്‍വെ. മറ്റുള്ളവരെല്ലാം ഒന്നിലധികം ദിവസമെടുത്താണ് ലോര്‍ഡ്സില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 21ാം നൂറ്റാണ്ടില്‍ അരങ്ങേറ്റം കുറിച്ച താരങ്ങളില്‍ ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യത്തെ താരം കൂടിയാണ് കോണ്‍വെ.

You Might Also Like