കോഹ്ലിയോ രോഹിത്തോ അല്ല, തന്റെ റോള്‍ മോഡലാരെന്ന് വെളിപ്പെടുത്തി പടിക്കല്‍

ക്രിക്കറ്റിലെ തന്റെ റോള്‍ മോഡല്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍. ഇന്ത്യയ്ക്ക് വേണ്ടി കളിച്ച എല്ലാ താരങ്ങളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും എന്നാല്‍ ക്രിക്കറ്റില്‍ തന്റെ റോള്‍ മോഡല്‍ മുന്‍ ഇന്ത്യന്‍ ഓപ്പണട് ഗൗതം ഗംഭീറാണെന്നും ദേവ്ദത്ത് തുറന്ന് പറയുന്നു.

പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പടിക്കല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘എന്നെ ഒരു വ്യക്തി മാത്രമല്ല സ്വാധീനിച്ചിട്ടുള്ളത്. എല്ലാവരും വ്യത്യസ്ത വെല്ലുവിളികളാണ് കരിയറില്‍ ഉയരങ്ങളിലെത്തുന്നതിനിടെ നേരിട്ടുള്ളത് എല്ലാവര്‍ക്കും പറയാനുള്ളത് വ്യത്യസ്ത കഥകളായിരിക്കും. ഇന്ത്യയ്ക്ക് വേണ്ടി കളിച്ച എല്ലാവരും എന്നെ സ്വാധീനിച്ചിട്ടുണ്ട്. കാരണം അവിടെ എത്തിപെടുകയെന്നത് ഒരിക്കലും എളുപ്പമല്ല. എന്നാല്‍ ക്രിക്കറ്റില്‍ എന്റെ റോള്‍ മോഡല്‍ ഗൗതം ഗംഭീറാണ് ‘ ദേവ്ദത് പടിക്കല്‍ പറഞ്ഞു.

‘അദ്ദേഹം ബാറ്റ് ചെയ്യുന്നത് കണ്ടിട്ടാണ് ഞാന്‍ വളര്‍ന്നത്. ഇപ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ വീഡിയോ കാണാറുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് ഞാന്‍ ഇപ്പോഴും ഇഷ്ട്ടപെടുന്നു. ഗംഭീറാണ് ക്രിക്കറ്റില്‍ എന്റെ റോള്‍ മോഡല്‍. ‘ പടിക്കല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഐപിഎല്ലില്‍ ബംഗളൂരുവിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ദേവ്ദത്ത് പടിക്കല്‍. ബംഗളൂരുവിനായി 15 മത്സരങ്ങളില്‍ കളിച്ച ദേവ്ദത്ത് 31.53 ശരാശരിയില്‍ 473 റണ്‍സ് ആണ് സ്വന്തമാക്കിയത്.

‘കഴിഞ്ഞ വര്‍ഷം ആര്‍ സി ബിയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് സാധിച്ചു. എല്ലാ മത്സരങ്ങളും കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. വിരാട് കോഹ്ലിയ്ക്കും ഡിവില്ലിയേഴ്‌സിനുമൊപ്പം കളിക്കാന്‍ സാധിച്ചത് വലിയ കാര്യമാണ്. എല്ലാ ദിവസവും കോഹ്ലിയില്‍ നിന്നും എ ബി ഡിയില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് സാധിച്ചു. അന്താരാഷ്ട്ര ടൂര്‍ണമെന്റിലെയും ഐ പി എല്ലിലെയും അവരുടെ പ്രകടനങ്ങള്‍ അത്ഭുതപെടുത്തുന്നതാണ്. ഒരോ മത്സരത്തിലും അവര്‍ സമ്മര്‍ദത്തെ കൈകാര്യം ചെയ്യുന്ന രീതിയും പ്രകടനവും എനിക്കും എനിക്കും പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ‘ ദേവദത്ത് കൂട്ടിചേര്‍ത്തു.

ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനമാണ് മലയാളി താരം കാഴ്ച്ചവെച്ചത്. കര്‍ണാടകയ്ക്കായി 7 മത്സരങ്ങളില്‍ നിന്നും 147.40 ശരാശരിയില്‍ 737 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്.

You Might Also Like