ഇടിമുഴക്കമായി ദേവ്ദത്ത്, അമ്പരപ്പിക്കുന്ന അരങ്ങേറ്റവുമായി മലയാളി താരം

ഐപിഎല്‍ 13ാം സീസണില്‍ വിരാട് കോഹ്ലിയും കൂട്ടരും ആദ്യ മത്സരത്തിനിറങ്ങിയപ്പോള്‍ സര്‍പ്രൈസായത് ഒരു മലയാളി താരത്തിന്റെ ബാറ്റിംഗ്. ഐപിഎല്ലില്‍ ആദ്യമായി ഇറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അര്‍ധ സെഞ്ച്വറി നേടിയാണ് ഞെട്ടിച്ചത്. വിരാട് കോഹ്ലി എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് ദേവ്ദത്തിന്റെ അര്‍ധ സെഞ്ച്വറി നേട്ടം ആഘോഷിച്ചത്.

ബംഗളൂരു നിരയില്‍ സര്‍പ്രൈസായാണ് ദേവ്ദത്ത് പണിക്കര്‍ ഓപ്പണറായി സ്ഥാനം പിടിച്ചത്. എന്നാല്‍ കോഹ്ലിയുടെ ഈ പരീക്ഷണം പൂര്‍ണ്ണമായി വിജയിക്കുന്നതാണ് കളത്തില്‍ കണ്ടത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിനായി ദേവ്ദത്ത് അനായാസം റണ്‍സ് കണ്ടെത്തുകയായിരുന്നു.

ബാറ്റിംഗില്‍ യുവരാജിനെ ഓര്‍മ്മിപ്പിച്ച ഈ 20കാരന്‍ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ 42 പന്തില്‍ എട്ട് മനോഹരമായ ബൗണ്ടറികളുടെ സഹായത്തോടെ 56 റണ്‍സാണ് എടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമകിള്‍ക്കെല്ലാം ദേവ്ദത്തിന്റെ പ്രകടനം സര്‍പ്രൈസായി.

മലപ്പുറം എടപ്പാള്‍ സ്വദേശിയായ ദേവ്ദത്ത് അഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കായാണ് കളിയ്ക്കാറ്. കഴിഞ്ഞ സീസണിലും ബംഗളൂരു നിരയിലുണ്ടായ താരത്തിന് പക്ഷെ അവസരം ഒന്നും ലഭിച്ചിരുന്നില്ല.

കര്‍ണാടക പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തോടെയാണ് ദേവ്ദത്തിനെ ക്രിക്കറ്റ് ലോകം ആദ്യമായി ശ്രദ്ധിക്കുന്നത്. വിജയ് ഹസാര ട്രോഫിയിലും കൂച്ച് ബിഹാര്‍ ട്രോഫിയും കര്‍ണാടകയ്ക്കായി ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ച താരം ഒടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമിലെടുക്കുകയായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ 11 മത്സരങ്ങളില്‍ നിന്നുമായി 609 റണ്‍സാണ് ദേവ്ദത്ത് സ്വന്തമാക്കിയത്. പിന്നീട് നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും 580 റണ്‍സോടെ ദേവ്ദത്തായിരുന്നു റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍.

You Might Also Like