മെസിയുടെ ഞെട്ടിക്കുന്ന കരാർ വിവരങ്ങൾ പുറത്ത്, ആഘോഷമാക്കി സ്പാനിഷ് മാധ്യമങ്ങൾ

ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന കണക്കുകളാണ് സ്പാനിഷ് മാധ്യമമായ എൽ മുണ്ടോ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ നാലു വർഷങ്ങളിലായി ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരം ബാഴ്സ സൂപ്പർതാരം ലയണൽ മെസിയാണെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് എൽ മുണ്ടോ പുറത്തു വിട്ടിരിക്കുന്നത്. മാഡ്രിഡ്‌ ആസ്ഥാനമായുള്ള മാധ്യമം മെസിയുടെ കരാർ സംബന്ധിച്ചുള്ള എല്ലാ കണക്കുകളും പുറത്തു വിട്ടിരിക്കുകയാണ്.

കഴിഞ്ഞ നാലു വർഷങ്ങളായി ബാഴ്സയിൽ നിന്നും 555 മില്യൺ യൂറോയെന്ന വമ്പൻ തുക വേതനമായി പറ്റുന്നുണ്ടെന്നാണ് പുറത്തു വിട്ട വിവരങ്ങളിൽ ചൂണ്ടിക്കാണിക്കുന്നത്. എൽ മുണ്ടോയുടെ റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷം മെസി 138 മില്യൺ യൂറോയോളം പ്രതിഫലം പറ്റുന്നുണ്ടെന്നാണ് അറിയാനാകുന്നത്. ബാഴ്സയിൽ ഇനിയും അഞ്ചു മാസം കൂടി കരാർ ഉള്ളപ്പോൾ ആണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്.

2017ഇൽ കരാർ പുതുക്കാൻ വേണ്ടി മാത്രം 115.2 മില്യൺ യൂറോ ബോണസ് ആയി മെസി വാങ്ങിയിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. കരാർ അവസാനിക്കുന്ന സമയത്ത് ലോയൽറ്റി ബോണസ് ആയി 77.9 മില്യൺ യൂറോയും മെസിക്ക് ലഭിക്കും. കോവിഡ് പ്രതിസന്ധി മൂലം 1.2 ബില്യൺ യൂറോയോളം ബാഴ്സക്ക് കടം ഉണ്ടായ സമയത്താണ് ഈ ഞെട്ടിക്കുന്ന വിവരം മാഡ്രിഡ്‌ ആസ്ഥാനമായ പത്രം പുറത്തു വിടുന്നത്.

നിലവിൽ ബാഴ്സയുമായുള്ള മെസിയുടെ കരാർ വരുന്നത് ജൂൺ 30 നു അവസാനിക്കുകയും ഫ്രീ ട്രാൻസ്ഫറിൽ മെസിക്ക് ക്ലബ്ബ് വിടുകയും ചെയ്യാം. എന്നാൽ ഇത്രയും സ്വകാര്യമായ ഒരു വിവരം ഈ അവസരത്തിൽ പുറത്തു വന്നത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ബാഴ്സയിൽ തുടരുന്നതിൽ നിന്നും ഈ പുതിയ വാർത്ത പിന്തിരിപ്പിക്കുമോയെന്നാണ് ആരാധകരുടെ നിലവിലെ ആശങ്ക.

You Might Also Like