എംബാപ്പയുടെ ‘ഈഗോ’ അതിരുകടക്കുന്നു; വിമർശനവുമായി ഫ്രഞ്ച് താരം
ഫ്രഞ്ച് പരിശീലകൻ ദിദിയർ ദേഷാംപ് സൂപ്പർതാരം കിലിയൻ എംബാപ്പയെ കയറൂരി വിടുന്നത് താരത്തിന് തന്നെ ഭാവിയിൽ ദോഷം ചെയ്യുമെന്ന് മുൻ ഫ്രഞ്ച് താരം ജെറോം റോത്തൻ. താരത്തിന്റെ ‘ഈഗോ’ ഇപ്പോൾ തന്നെ പരിശീലകന് കൈകാര്യം ചെയ്യാൻ ആവുന്നതിനും അപ്പുറമാണെന്ന് റോത്തൻ പറയുന്നു.
വെറും 22 വയസ്സിനുള്ളിൽ തന്നെ നാല് ഫ്രഞ്ച് ലീഗ് കിരീടവും, ഒരു ലോകകപ്പും നേടിയ താരം യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച യുവതാരമായാണ് എണ്ണപ്പെടുന്നത്. എന്നാൽ ഇപ്പോൾ തന്നെ ഏറ്റവും മികച്ച താരമെന്ന വിശേഷണം എംബാപ്പയുടെ കരിയർ നശിപ്പിക്കുമെന്നാണ് റോത്തന്റെ അഭിപ്രായം.
ഏറ്റവും കഴിവുള്ള യുവതാരം എന്ന വിശേഷണം ഇപ്പോൾ തന്നെ ഫ്രഞ്ച് ടീമിന് ഭാരമായെന്നും റോത്തൻ പറയുന്നു. ദിദിയർ ദേഷാംപിൻറെ ഗെയിം പ്ലാൻ മുഖ്യമായും ഇപ്പോൾ തന്നെ എംബാപ്പയെ ചുറ്റിപ്പറ്റിയാണ്. എന്നാൽ അതിനനുസരിച്ചുള്ള പ്രകടനം എംബാപ്പയിൽ നിന്നും ഉണ്ടായിട്ടില്ലെന്നും റോത്തൻ പറയുന്നു.
ഫ്രീകിക്കുകൾ ഉദാഹരണമായി എടുക്കാം. എല്ലാ ഫ്രീകിക്കുകളും കളിക്കളത്തിൽ എംബാപ്പെ ചോദിച്ചു വാങ്ങുന്നത് ഫ്രാൻസിന്റെ പ്രകടനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഗ്രീസ്മാനെയും, പോഗ്ബയെയും പോലെ മികച്ച ഫ്രീകിക്ക് വിദഗ്ദന്മാർ ടീമിലുള്ളപ്പോൾ എംബപ്പേയെ ഫ്രീകിക്കിൽ നിന്നും ഒഴിച്ച് നിർത്തുന്നതാണ് നല്ലത്. കരിയറിൽ 25വാര അകലെനിന്ന് ഒരു മികച്ച ഫ്രീകിക്കെങ്കിലും താരത്തിന് എടുത്ത് കാണിക്കാൻ ഉണ്ടോ? റോത്തൻ ചോദിക്കുന്നു.
യൂറോയിൽ മരണഗ്രൂപ്പിൽ നിന്നും ഒന്നാമതായാണ് ഫ്രാൻസ് പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്. പ്രീക്വാർട്ടറിൽ സ്വിറ്റസർലണ്ടാണ് ഫ്രാൻസിന്റെ എതിരാളികൾ. തിങ്കളാഴ്‌ച ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് മത്സരം.