ഡാനിഷ് ഹീറോ! എറിക്സണു രക്ഷയായത് സഹതാരത്തിന്റെ സമയോചിത ഇടപെടൽ

ഫിൻലാൻഡിനെതിരായ യൂറോ കപ്പ് മത്സരത്തിനിടെ മൈതാനത്തു ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീണ ഡെന്മാർക്ക് സൂപ്പർതാരം ക്രിസ്റ്റ്യൻ എറിക്സൻ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡെൻമാർക്ക്‌-ഫിൻലാൻഡ് മത്സരത്തിന്റെ 41ആം മിനുട്ടിലാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സംഭവം അരങ്ങേറുന്നത്.

സഹതാരത്തിന്റെ ത്രോബോൾ സ്വീകരിക്കുന്നതിനിടെ എറിക്സൻ മൈതാനത്തു കുഴഞ്ഞു വീഴുകയായിരുന്നു‌. ഉടൻ തന്നെ റഫറി ആന്തണി ടെയ്ലർ മത്സരം നിർത്തിവെക്കുകയും മെഡിക്കൽ സംഘത്തിന്റെ സഹായം തേടുകയായിരുന്നു‌. എന്നാൽ മെഡിക്കൽ സംഘത്തിന്റെ സഹായമെത്തും മുൻപ് തന്നെ ഓടിയെത്തി നിർണായക ഇടപെടലുകൾ നടത്തി താരമായിരിക്കുകയാണ് ഡെൻമാർക്ക്‌ പ്രതിരോധതാരം സിമൺ ക്യാർ.

അബോധാവസ്ഥയിൽ കിടന്നിരുന്ന എറിക്സൺ നാവു വിഴുങ്ങിയില്ലെന്നു ഉറപ്പുവരുത്തുകയും താരത്തിന്റെ കഴുത്ത് യഥാർത്ഥ നിലയിലാക്കി ശ്വസനത്തിനായി സഹായിക്കുകയും ചെയ്തുകൊണ്ട് രക്ഷകന്റെ വേഷമണിഞ്ഞ താരത്തിന്റെ പ്രവർത്തിയെയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തിന്റെ പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നത്. കാണികളെ ഭീതിയിലാഴ്ത്തിയെക്കാവുന്ന അടിയന്തിര ചികിത്സാ രംഗങ്ങൾ മറച്ചു പിടിക്കാൻ സഹത്തരങ്ങളെ നിയോഗിച്ചതും ഇതേ താരം തന്നെയാണ്.

വികാരഭരിതമായി വിങ്ങിപ്പൊട്ടിയ എറിക്സന്റെ ഭാര്യയെ സമാശ്വസിപ്പിക്കാനും സിമൺ ക്യാർ മറന്നില്ല. അടിയന്തിരഘട്ടത്തിൽ ഇങ്ങനെയുള്ള പ്രവർത്തനങ്ങളാണ് ജീവൻ തിരിച്ചു പിടിക്കുന്നതിൽ നിർണായകമാവുന്നത്. താരത്തിന്റെ സമയോചിത ഇടപെടലിനാണ് ഫുട്ബോൾ ലോകം ഇപ്പോൾ പ്രശംസ അർപ്പിക്കുന്നത്.

You Might Also Like