ഐതിഹാസിക വിജയം; യൂറോ ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി ഡെന്മാർക്ക്

Image 3
Euro 2020

യൂറോകപ്പിൽ ക്വാർട്ടർ ഫൈനൽ ബർത്ത് നേടുന്ന ആദ്യ ടീമായി ഡെന്മാർക്ക്. യുവതാരം കാസ്പെർ ഡോൽബർഗ് നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ വെയിൽസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഡെന്മാർക്കിലെ നേട്ടം. ക്വാർട്ടറിൽ നെതർലാൻഡോ ചെക്ക് റിപബ്ലിക്കോ ആയിരിക്കും ഡെന്മാർക്കിന്റെ എതിരാളികൾ.

സൂപ്പർതാരം ഗാരെത് ബെയിലിന്റെ നേതൃത്വത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച വെയിൽസ് ഒരുഘട്ടത്തിൽ മത്സരത്തിൽ ആധിപത്യം നേടുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാൽ മത്സരത്തിന്റെ ഗതിക്ക് വിപരീതമായി 27 ആം മിനിറ്റിൽ അജാക്സിന്റെ ഡാനിഷ് യുവതാരം ഡോൽബർഗ് നേടിയ ഗോളോടെ ഡെന്മാർക്ക് മത്സരം തിരിച്ചുപിടിച്ചു.

പിന്നീടൊരിക്കലും മത്സരത്തിലേക്ക് തിരിച്ചുവരാൻ വെയിൽസിനായില്ല. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡോടെ ആത്മവിശ്വാസത്തോടെ കളം വിട്ട ഡെന്മാർക്ക് സെക്കൻഡ് ഹാഫിൽ അക്ഷരാർത്ഥത്തിൽ വെയിൽസിനെ ഗോൾ മഴയിൽ മുക്കി.

48ആം മിനിറ്റിൽ ഡോൽബർഗ് രണ്ടാമതും വലകുലുക്കി. പിന്നീട് 88ആം മിനിറ്റിൽ ജോവാക്കിം മീലെ ഡെന്മാര്ക്കിന്റെ ലീഡുയർത്തി. മത്സരത്തിന്റെ അവസാന മിനിറ്റിൽ വെറ്ററൻ താരം മാർട്ടിൻ ബ്രാത്വെയ്റ് നാലാം ഗോളും നേടിയതോടെ ബെയിലിന്റെയും കൂട്ടരുടെയും പതനം പൂർത്തിയായി.